ഇന്ത്യയുടെ അടുത്ത സുനില്‍ ഛേത്രി ആര്? ഒഗ്ബച്ചെ പറയുന്നു

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ കുന്തമുനയാണ് സുനില്‍ ഛേത്രി. സുനില്‍ ഛേത്രിക്ക് പകരം ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇനിയാര് എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഛേത്രി കളിച്ച കാലയളവില്‍ പലരും വന്നു പോയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനോളം പോന്നവര്‍ ഇനിയും ടീമിലെത്തിയിട്ടില്ല. പതിറ്റാണ്ടുകളായുള്ള സ്ഥിരത മാത്രം മതി ഛേത്രിയുടെ കളിജീവിതത്തെ അളക്കാന്‍.

ഛേത്രിക്ക് പകരക്കാരന്‍ ആര് എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചേയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം സഹല്‍ അബ്ദുല്‍ സമദാണ് ഛേത്രിയുടെ പകരം ഇന്ത്യന്‍ ഫുട്‌ബോളിനെ തോളിലേറ്റാനുള്ള കഴിവുള്ളത് എന്ന് ഒഗ്ബച്ചേ പറയുന്നു. കമന്റേറ്റര്‍ ആനന്ദ് ത്യാഗിയുമായുള്ള ഫേസ്ബുക്ക് ലൈവിലാണ് ഒഗ്ബച്ചെ ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് മനസ്സു തുറന്നത്.

‘സഹലായിരിക്കും അടുത്ത ഛേത്രി എന്നാണ് തോന്നുന്നത്. ഈ സീസണില്‍ പ്രതീക്ഷിച്ചത് പോലെ കളിക്കാന്‍ സഹലിനായില്ല. കഠിനാധ്വാനിയാണ് അവന്‍. തന്റെ മോശം ദിനങ്ങളില്‍ പോലും സഹല്‍ കഠിനാധ്വാനം ചെയ്യുന്നു. അതാണ് സഹലിന്റെ മികവ്. കഴിവുറ്റ താരമാണ് സഹല്‍. അടുത്ത് നിന്ന് സമദിന്റെ കളി കാണുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നത് സഹല്‍ അടുത്ത ഛേത്രിയാകുമെന്നാണ്’ ഒഗ്ബച്ചെ പറഞ്ഞു.

2019 ഐപിഎല്‍ സീസണില്‍ സഹല്‍ എമര്‍ജിങ് പ്ലേയര്‍ അവാര്‍ഡ് നേടിയിരുന്നു. പിന്നാലെ ഇന്ത്യന്‍ ടീമിലും സ്ഥാനം ഉറപ്പിക്കാന്‍ സഹലിനായി. എന്നാല്‍ ഈ സീസണില്‍ വേണ്ടത്ര ശോഭിക്കാന്‍ സഹലിന് ആയിരുന്നില്ല. സഹലിന് പുറമെ, രാഹുല്‍ കെ പി, ജീക്‌സന്‍ സിങ് എന്നിവരേയും ഒഗ്ബച്ചെ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായി ചൂണ്ടിക്കാണിക്കുന്നു.