അഹമ്മദ് പട്ടേലിന് വോട്ട് ചെയ്ത മുന്‍ ബി.ജെ.പി എം.എല്‍.എ ബിറ്റ്‌കോയിന്‍ കേസില്‍ അറസ്റ്റില്‍

അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി
നേതാവും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ഗുജറാത്ത് സി.ഐ.ഡി അന്വേഷണം നടത്തിയ കേസില്‍ ഇന്നലെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്.
നോട്ടുനിരോധനത്തിനു പിന്നാലെ കൊട്ടാഡിയയുടെ നേതൃത്വത്തില്‍ 4,500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

അതേസമയം ബി.ജെ.പി നേതൃത്വത്തിനും അമിത് ഷാക്കും കടുത്ത തിരിച്ചടി നേരിട്ട 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന് വോട്ട് ചെയ്ത മുന്‍ ബി.ജെ.പി എം.എല്‍.എയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്.

ദേശീയ ശ്രദ്ധ നേടിയ 2017ലെ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കളിച്ച കളി തിരിച്ചു കളിച്ചായിരുന്നു അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസിന് വിജയം നേടിക്കൊടുത്തത്. ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയ സാഹചര്യത്തില്‍ അഹമ്മദ് പട്ടേലിന്റെ വിജയം നിര്‍ണയകമായിരുന്നു. തുടര്‍ന്നാണ് ബി.ജെ.പിക്കും അമിത്ഷാക്കും ഞെട്ടലുണ്ടാക്കി കൊട്ടാഡിയുടെയും ജെ.ഡി.യു എം.എല്‍.എയുടെയും വോട്ടുകള്‍ അഹമ്മദ് പട്ടേലിന് ആശ്വാസമായെത്തിയത്.

ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയിലൂടെയാണ് കൊട്ടാഡിയ നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2014ല്‍ ഈ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിക്കുകയായിരുന്നു. തന്റെ സമുദായത്തെ ബിജെപി സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി അംഗമായ നളിന്‍ കൊട്ടാഡിയ അഹ്മദ് പട്ടേലിന് വോട്ട് ചെയ്തത്. കോണ്‍ഗ്രസിന് വോട്ട് ചെയ്ത കാര്യം കൊട്ടാഡിയ ഫെയ്‌സ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൊട്ടാഡിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയുമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായി ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ കഴിഞ്ഞ ദിവസം സിഐഡി അറസ്റ്റ് ചെയ്തിരുന്നു. 22 വര്‍ഷം മുമ്പത്തെ കേസില്‍ 2018 സെപ്റ്റംബര്‍ അഞ്ചിനാണ് ഭട്ടിനെ അറസ്റ്റു ചെയ്യുന്നത്.

അതേസമയം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സി.ഐ.ഡി) നടത്തിയ അന്വേഷണത്തിലാണ് നോട്ടുനിരോധനകാലത്ത് ബിജെപി എം.എല്‍.എയായിരുന്ന നളിന്‍ കൊട്ടാഡിയ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ പുറത്തുവന്നത്. 2016 നവംബറിനും 2017 ജനുവരിക്കുമിടയിലുള്ള മൂന്ന് മാസത്തിനിടെയാണ് 4,500 കോടി രൂപയുമാണ് ക്രിപ്‌റ്റോകറന്‍സി, ബിറ്റ്‌കോയിന്‍ എന്നിവയിലേയ്ക്ക് മാറ്റി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതെന്നാണ് സി.ഐ.ഡി കണ്ടെത്തിയത്. അഴിമതി നിരോധന നിയമപ്രകാരം ഐപിസി സെക്ഷന്‍ 364 എ, 384 (പിടിച്ചുപറി) എന്നീ വകുപ്പുകളാണ് കൊട്ടാഡിയ മേല്‍ ചുമത്തിയിരിക്കുന്നത്. 2012-17 കാലഘട്ടത്തില്‍ ഗുജറാത്തിലെ ധാരി മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എയായിരുന്നു കൊട്ടാഡിയ.