പാരീസ്: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപനം ഇന്നാണ്. അര്‍ജന്റീന ഇതിഹാസം ലയണ്‍ മെസി, ലിവര്‍പൂള്‍ പ്രതിരോധ താരം വിര്‍ജിന്‍ വാന്‍ഡൈക്ക് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മത്സരരംഗത്തുണ്ടെങ്കിലും യുവന്തസ് താരത്തിന് ഇത്തവണ പക്ഷേ വലിയ ആകാംക്ഷ ആരും പങ്ക് വെക്കുന്നില്ല. പുരസ്‌കാരം മെസി തന്നെ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ച് തവണ ഈ പട്ടം കരസ്ഥമാക്കിയ ഇന്ദ്രജാലക്കാരനു തന്നെയാവും ആറാം തവണയും ഫ്രഞ്ച് ഫുട്‌ബോല്‍ മാഗസിന്റെ പുരസ്‌ക്കാരം.
ബാലന്‍ ഡി ഓര്‍ ലിസ്റ്റ് ലീക്കായെന്ന വാര്‍ത്തകള്‍ ആധികാരികതയില്ലാതെ പരക്കുകയാണ്. വനിതകളില്‍ അമേരിക്കയെ ലോക ചാമ്പ്യന്മാരാക്കിയ മേഗന്‍ റാപീനോക്കാണ് സാധ്യത. 2018ല്‍ ലൂക്കാ മോഡ്രിച്ചാണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ലഭിച്ചത്. അഞ്ച് ബാലന്‍ ഡി ഓര്‍ അഞ്ച് തവണ വീതം നേടിയ റൊണാള്‍ഡോയിലേക്കും മെസിയിലേക്കുമാണ് ഏവരുടെയും കണ്ണ്.

അതേസമയം, ഇത്തവണ ബലന്‍ഡിയോര്‍ മെസിക്ക് തന്നെയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ലാലീഗയില്‍ വീണ്ടും ഗോളുമായി ബാഴ്‌സ നായകന്‍. സ്പാനിഷ് ലീഗില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ തന്നെ പിടിച്ചുകെട്ടിയ മത്സരത്തിലാണ് ഒരുവട്ടം കൂടി മാന്ത്രികന്‍ ലിയോ രക്ഷകനായത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് മെസി ബാഴ്‌സയ്ക്കായി വിജയഗോള്‍ സ്വന്തമാക്കിയത്.
ബോള്‍ പൊസിഷനിലും ഷോട്ട് ഉതിര്‍ക്കുന്നതിലും പാസുകള്‍ നല്‍കുന്നതിലുമെല്ലാം ബാഴ്‌സ മികച്ച് നിന്നെങ്കിലും ഗോള്‍ മാത്രം അകന്നു നില്‍ക്കുകയായിരുന്നു. മികച്ച നീക്കത്തിനൊടുവില്‍ സുവാരസിന് പാസ് നല്‍കിയ മെസി അത് ബോക്‌സിന് പുറത്ത് വച്ച് തന്നെ തിരികെ വാങ്ങി. തുടര്‍ന്ന് പായിച്ച ഷോട്ടിന് മുന്നില്‍ അത് വരെ ഉറച്ച് നിന്ന ഒബ്ലാക്കിന് മറുപടിയില്ലാതെ പോയി. വിജയത്തോടെ 14 കളിയില്‍ 31 പോയിന്റുള്ള ബാഴ്‌സ മികച്ച ഗോള്‍ ശരാശരിയോടെയാണ് റയല്‍ മാഡ്രിഡിനെ മറികടന്ന് ലാലീഗ പട്ടികയില്‍ ഒന്നാമതെത്തി.