രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കോവിഡ് പകരുമോ?; നിലപാട് തിരുത്തി ലോകാരോഗ്യ സംഘടന

രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കോവിഡ് പകരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തിരുത്തി. വിവിധ രാജ്യങ്ങളിലെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രോഗലക്ഷണമില്ലാത്ത വ്യക്തിയില്‍ നിന്ന് കോവിഡ് പകരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ മേധാവി മരിയ വന്‍ കെര്‍ഖോവ് പറഞ്ഞിരുന്നു.

എന്നാല്‍ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് മരിയ തന്നെ ഇത് തിരുത്തുകയായിരുന്നു. മരിയയുടെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ശാസ്ത്ര സമൂഹം ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

രോഗലക്ഷണമില്ലാത്തവര്‍ കോവിഡ് പരത്തില്ലെന്ന് ശാസ്ത്രീയമായി ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്ന് പാരീസിലെ പീറ്റ്‌സാല്‍പെട്രിയര്‍ ആശുപത്രിയിലെ പ്രഫസര്‍ ഗില്‍ബര്‍ട്ട് ഡെറേയ് ട്വിറ്ററില്‍ കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന ആശ്ചര്യമുളവാക്കിയെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ക്ലിനിക്കല്‍ എപ്പിഡെമോളജി പ്രഫസര്‍ ലിയാം സ്മിത്തും അഭിപ്രായപ്പെട്ടു. പ്രതികരണങ്ങള്‍ എത്തിയതോടെ അതൊരു തെറ്റിദ്ധാരണയായിരുന്നെന്നും രണ്ടോ മൂന്നോ പഠനങ്ങളുടെ അടിസ്ഥാനത്തിലെ നിരീക്ഷണം മാത്രമാണ് പങ്കുവച്ചതെന്നും മരിയ പറഞ്ഞു.

SHARE