പുല്‍വാമ ദിനം; മോദി സര്‍ക്കാറിനെതിരെ മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ സി.ആര്‍.പി.എഫ് ജവാന്മാരെ സ്മരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതേസമയം 40 ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ രംഗത്തെത്തിയത്. സംഭവത്തില്‍ പഴുതുറ്റ അന്വേഷണം നടത്തേണ്ട് മോദി സര്‍ക്കാരിനെതിരെ മൂന്ന് പ്രധാന ചോദ്യങ്ങള്‍ രാഹുല്‍ ഉയര്‍ത്തുകയുമുണ്ടായി.

പുല്‍വാമ ആക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്..? ആക്രമണത്തിന്റെ അന്വേഷണ ഫലം എന്തായി..? ആക്രമണത്തിന് അനുവദിച്ച്‌ക്കൊണ്ട നടന്ന സുരക്ഷാ വീഴ്ചക്ക് ബിജെപി സര്‍ക്കാരില്‍ ആരാണ് ഉത്തരവാദി..? ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. പുല്‍വാമ അക്രമണത്തില്‍ നമ്മുടെ 40 സിആര്‍പിഎഫ് രക്തസാക്ഷികളെ ഓര്‍ക്കുന്ന ദിവസമാണിന്ന്. ഈ ആക്രമണത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം നേടിയത് ആരാണെന്ന് നമുക്ക് ചോദിക്കേണ്ടിയിരിക്കുന്നെന്ന് കുറിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കശ്മീരിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തിലും പുല്‍വാമ ആക്രമണവും കോണ്‍ഗ്രസ് പരാമര്‍ശിച്ചിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഭീകരബന്ധം പുറത്തായതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വമര്‍ശവുമായാണ് കോണ്‍ഗ്രസ് രംഗത്തിയത്. കേസ് അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും 2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ പുനരന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ദേവീന്ദര്‍ സിങ്ങിനെ ആ സമയത്ത് ജില്ലയിലെ ഡിഎസ്പിയായി നിയമിച്ചത് സംബന്ധിച്ചും ഭീകരാക്രമണത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷണം വേണം. സിങ് അറസ്റ്റിലായതിന് പിന്നാലെ ജനങ്ങളുന്നയിക്കുന്ന സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറുപടി നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കേസ് എന്‍ഐഎയ്ക്ക് കൈമാറിയത് ദേവീന്ദര്‍ സിങ്ങിനെ നിശബ്ദനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
എന്‍.ഐ.എ അധ്യക്ഷന്‍ വൈ.സി മോദിയുടെ കൈയ്യില്‍ എത്തുന്നതോടെ കേസ് ചത്തതിന് തുല്യമാകും. എന്‍ഐഎയുടെ തലവന്‍ മറ്റൊരു മോദിയാണ്. 2002 ലെ ഗുജറാത്ത് കലാപക്കേസും 2003 ല്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസും അന്വേഷിച്ചത് അദ്ദേഹമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. #WhoWantsTerroristDavinderSilenced എന്ന ഹാഷ്ടാഗിലാണ് രാഹുല്‍ഗാന്ധി ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

അതേസമയം പുല്‍വാമ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാജ്ഞലി അര്‍പ്പിച്ചു. ‘കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍. നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവര്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.