മോദിയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് വൈറ്റഹൗസ്; കാരണമിതാണ്


വാഷിങ്ടന്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തതില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. യുഎസ് പ്രസിഡന്റ് ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അതിനെ സഹായിക്കുന്ന തരത്തില്‍ അതിഥി രാജ്യത്തെ നേതാക്കളുടെ സന്ദേശങ്ങള്‍ റീട്വീറ്റ് ചെയ്യാനായി കുറച്ചു നാളത്തേക്ക് അവരെ ഫോളോ ചെയ്യുകയാണു പതിവെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫെബ്രുവരി അവസാനവാരം ഇന്ത്യയിലെത്തിയപ്പോള്‍ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ @WhiteHouse – രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ ഓഫിസ്, അമേരിക്കയിലെ ഇന്ത്യന്‍ എംബസി, ഇന്ത്യയിലെ യുഎസ് എംബസി, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോ ചെയ്യാന്‍ തുടങ്ങി. ഈ ആഴ്ച ആദ്യത്തോടെ ഈ ആറ് അക്കൗണ്ടുകളും അണ്‍ഫോളോ ചെയ്യുകയായിരുന്നു. വൈറ്റ് ഹൗസ് സാധാരണയായി പ്രസിഡന്റ്, പ്രഥമവനിത, വൈസ്പ്രസിഡന്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി 13 ട്വിറ്റര്‍ അക്കൗണ്ടുകള്‍ മാത്രമേ ഫോളോ ചെയ്യാറുള്ളുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും രാഷ്ട്രീയ വിവാദമാകുകയും ചെയ്തതോടെയാണ് വിശദീകരണം. വൈറ്റ്ഹൗസിന്റെ നടപടി തന്നെ ആശ്ചര്യപ്പെടുത്തിയെന്നും വിദേശകാര്യമന്ത്രാലയം വിഷയം ഗൗരവമായി കാണണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.