മൂന്നാഴ്ചക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി ഓഫീസ് (പിഎംഒ) എന്നിവരെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
കോവിഡ് ചികിത്സയ്ക്കായുള്ള ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കണമെന്ന ട്രംപിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യ കയറ്റുമതി നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് മോദിയെ ഫോളോ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നിലവില്‍ അപൂര്‍വം ചിലരെ മാത്രം ഫോളൊ ചെയ്യുന്ന വൈറ്റ് ഹൗസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടി ഫോളോ ചെയ്തതാണ് വാര്‍ത്തയായത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മില്‍ വളരുന്ന സൗഹൃദത്തിന്റെ സൂചനയായി ഇതിനെ പലരും കണ്ടിരുന്നു. എന്നാല്‍ മൂന്നാഴ്ചക്ക് പിന്നാലെ മോദിയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് വൈറ്റ് ഹൗസ്.
അതേസമയം, കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കന്‍ കമ്മീഷന് ഇന്ത്യയ്ക്കെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ടുമായി ഇതിന് ബന്ധമുണ്ടൊയെന്നും വ്യക്തമില്ല. ഇന്ത്യയ്ക്കെതിരെയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളെയും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് പുറമെ മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടും രാഷ്ട്രപതിയുടെ ഔദ്യോഗിക പേജും ഇന്ത്യയിലെ അമേരിക്കന്‍ എംബസിയേയും, അമേരിക്കയിലെ ഇന്ത്യന്‍ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു. ഈ അക്കൗണ്ടുകളെയും ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നതായാണ് വ്യക്തമാവുന്നത്. വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ആകെ 19 പേരുടെ എണ്ണം ഇപ്പോള്‍ 13 ആയി കുറഞ്ഞിട്ടുണ്ട്.