വൈറ്റ്ഗാര്‍ഡ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ലോക്ക്; ലോക്ക്ഡൗണ്‍ കാലത്തെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന സര്‍ക്കാറിന്റെയും പൊലീസിന്റെയും തീരുമാനത്തെ തുടര്‍ന്ന് വൈറ്റ്ഗാര്‍ഡിന്റെ ലോക്ക്ഡൗണ്‍ കാലത്തെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗിക വൃത്തം. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് ഇതുസംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. ഭരണകൂടവുമായി ഏറ്റുമുട്ടിയുള്ള ഒരു പ്രവര്‍ത്തനം നടത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും പി.കെ ഫിറോസ് വ്യക്തമാക്കി. പലരും സ്വന്തം കൈയില്‍ നിന്ന് പണം മുടക്കിയാണ് സാന്ത്വനപ്രവര്‍ത്തനങ്ങള്‍ നടത്തതുന്നത്. ഇതിനെയാണ് ഭരണകൂടം മുഷ്ടി ഉപയോഗിച്ച് അവസാനിപ്പിച്ചതെന്നും ഫിറോസ് വ്യക്തമാക്കി.

വൈറ്റ്ഗാര്‍ഡിന്റെ ഒരു തരത്തിലുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളും അനുവദിക്കില്ല എന്നാണ് സംസ്ഥാന ഭരണകൂടത്തിന്റെ നിലപാട്. ഒരു നിലക്കും വൈറ്റ്ഗാര്‍ഡിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ഇനി അനുവദിക്കില്ലെന്ന് മലപ്പുറം പൊലീസ് വ്യക്തമാക്കി. കണ്ണൂര്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ വെച്ച് പാനൂര്‍ എസ്.ഐ മരുന്നു കൊണ്ടുപോവുകയായിരുന്ന രണ്ട് വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാരെ ക്രൂരമായി തല്ലിച്ചതച്ചിരുന്നു. മരുന്നും അതിന്റെ രേഖകളുമെല്ലാം കാണിച്ചിട്ടും പൊലീസ് മര്‍ദിനം തുടര്‍ന്നു. കേബിള്‍ ഉപയോഗിച്ചാണ് മര്‍ദനം.

വൈറ്റ്ഗാര്‍ഡിന്റെ യൂണിഫോം ഒഴിവാക്കി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് വൈറ്റ്ഗാര്‍ഡ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

ലോക്ക്ഡൗണ്‍ കാലത്ത് ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തുനിന്നും മരുന്നും മറ്റു അവശ്യ സേവനങ്ങളുമായി കേരളത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു വൈറ്റ്ഗാര്‍ഡിന്റെ സേവനപ്രവര്‍ത്തനങ്ങള്‍. കോവിഡ് ഇന്ത്യയില്‍ സംഭവിച്ച ആദ്യത്തില്‍ തന്നെ വൈറ്റ്ഗാര്‍ഡ് സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവന്നിരുന്നു. ബ്രേക്ക് ദ ചെയിന്‍ പദ്ധതിയില്‍ പങ്കെടുത്തായിരുന്നു വൈറ്റ്ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അണുനശീകരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഭക്ഷണം, മരുന്ന് എന്നിവ വിവിധ ഇടങ്ങളിലേക്ക് എത്തിച്ചുനല്‍കല്‍, ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കുന്നതില്‍ സഹായിക്കല്‍ തുടങ്ങി മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് ഭരണകൂടം മൂക്കുകയറിട്ടത്.