വൈറ്റ് ഗാര്‍ഡ്; ദുരന്തമുഖത്തെ കണ്ണീരൊപ്പലിന്റെ പേരാണ്

ഉമ്മര്‍ വിളയില്‍

ഒരു ദുരന്തത്തെയോര്‍ത്ത് കണ്ണീരൊഴുക്കുന്നതിനേക്കാള്‍ ക്രിയാത്മകമാണ് അതിലകപ്പെട്ടവരുടെ കണ്ണീരൊപ്പുക എന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് പെരുകി പെയ്ത മഴയെയും ഉയര്‍ന്നുപൊങ്ങിയ ജലനിരപ്പിനെയും വകവെക്കാതെ സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി മാതൃകയായിരിക്കുകയാണ് മുസ്ലിം യൂത്ത്‌ലീഗിന്റെ സന്നദ്ധ സേവന വിഭാഗമായ ‘വൈറ്റ് ഗാര്‍ഡ്’ അംഗങ്ങള്‍. മുസ്ലിം ലീഗ് യുവജന റാലിയിലാണ് ഈ കൂട്ടായ്മ രൂപപ്പെടുന്നത്.

പുത്തുമലയിലും കവളപ്പാറയിലും എന്നു തുടങ്ങി സംസ്ഥാനമൊട്ടുക്കു വൈറ്റ് ഗാര്‍ഡിന്റേത് അടയാളപ്പെടുത്താവുന്ന സേവനപ്രവര്‍ത്തനങ്ങളായിരുന്നു. വൈദ്യുതിയില്ലാത്ത ഇടങ്ങളില്‍ വെളിച്ചം തെളിച്ചും ദുരിതപ്പെയ്തും മലവെള്ളപ്പാച്ചിലും കഷ്ട നഷ്ടങ്ങള്‍ വരുത്തിയ ഇടങ്ങളില്‍ വാസയോഗ്യമാക്കിയും വൈറ്റ് ഗാര്‍ഡ് ചെയ്യുന്ന സേവനങ്ങള്‍ അനല്‍പമാണ്.

മതജാതി ഭേദങ്ങള്‍ക്ക് അതീതമായി ദുരന്തത്തില്‍ അകപ്പെട്ടവരോടെല്ലാം പെരുത്ത് അടുപ്പം കാട്ടി അവര്‍ ചെയ്യുന്ന പുണ്യ പ്രവൃത്തികള്‍ക്ക് വാക്കു കൊണ്ട് വിലയിടാനാവില്ല.

വീടും നാടും വിവിധങ്ങളായ സാമഗ്രികളും വൃത്തിയാക്കിയും ബദല്‍ സംവിധാനങ്ങളിലൂടെ ഫോണ്‍ ചാര്‍ജ് ചെയ്തു നല്‍കിയും റീചാര്‍ജ് ചെയ്തു നല്‍കിയും എല്ലായിടത്തും അവര്‍ മുന്നില്‍ നിന്നു നയിച്ചു. കൈപിടിച്ചു കയറ്റിയും കളത്തില്‍ ഇറങ്ങിയും സഹായിച്ചു.

വിവിധ ഇടങ്ങളില്‍ ഹെല്‍പ് ലൈനുകള്‍ തുറന്നു. സര്‍ക്കാര്‍ അഭയാര്‍ഥി ക്യാമ്പുകളെ പോലെ തന്നെ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.

മനുഷ്യരിലേക്കു മാത്രമല്ല, മറ്റെല്ലാ ജീവജാലങ്ങളിലേക്കും ആ സ്‌നേഹഹസ്തങ്ങള്‍ നീണ്ടു. വൈറ്റ് ഗാര്‍ഡ് എന്ന നാമകരണത്തില്‍ തുന്നിച്ചേര്‍ത്ത യൂത്ത്‌ലീഗിന്റെ പച്ചപ്പടയാളികളുടെ ദീനാനുകമ്പയും സഹാനുഭൂതിയും സംസ്ഥാനത്തിന്റെ മുക്കുമൂലകളില്‍ ഈ വാര്‍ത്ത എഴുതുന്ന നേരത്തും അനുസ്യൂതം തുടരുകയാണ്. കേരളം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ രക്ഷാപ്രവര്‍ത്തക കൂട്ടായ്മ എന്ന നിലയിലേക്ക് ജനം അവരെ അടയാളപ്പെടുത്തി.

SHARE