‘സഞ്ജീവ് ഭട്ട് എവിടെയാണ്’?; ചോദ്യമുയര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍

ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെക്കുറിച്ച് കഴിഞ്ഞ 14 ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ഭാര്യ ശ്വേതഭട്ട്. സെപ്തംബര്‍ അഞ്ചിനാണ് 22 വര്‍ഷം പഴക്കമുള്ള കേസില്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റു ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ടിനെയും കൂട്ടുപ്രതിയായ ഇന്‍സ്‌പെക്ടറെയും റിമാന്‍ഡില്‍ വിട്ടുകിട്ടാനുള്ള ഹര്‍ജി കോടതി തള്ളുകയും ഇരുവരെയും പാലന്‍പൂര്‍ സബ്ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ 14 ദിവസമായി സഞ്ജീവ് ഭട്ടിനെക്കുറിച്ച് യാതൊരു വിവരമില്ലെന്ന് ഭാര്യ ശ്വേത ഭട്ട് പറഞ്ഞു. ട്വിറ്ററില്‍ സഞ്ജീവിന്റെ അക്കൗണ്ടിലാണ് ശ്വേതഭട്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ സമൂഹമാധ്യമങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി. സഞ്ജീവ് ഭട്ട് എവിടെയാണെന്ന ചോദ്യം അതോടെ സാമൂഹ്യമാധ്യമങ്ങള്‍ ചോദിച്ചു തുടങ്ങി.

#EnoughIsEnough, #WhereIsSanjivBhatt  എന്നിങ്ങനെയുള്ള ഹാഷ്ടാഗുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. സഞ്ജീവ് ഭട്ടിനെ ജാമ്യം അനുവദിച്ച് പുറത്തുവിടുക എന്നതാണ് ക്യാംപെയിന്റെ ആവശ്യം. 1998-ല്‍ അഭിഭാഷകനെതിരെ ക്രിമിനല്‍ കേസ് കെട്ടിച്ചമച്ചെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റു ചെയ്യുന്നത്. വളരെ അപ്രതീക്ഷിതമായാണ് സെപ്തംബര്‍ അഞ്ചിന് ഭട്ടിനെ കസ്റ്റഡിയിലെടുക്കുന്നത്.

നേരത്തെ, ഗുജറാത്ത് കലാപകാലത്ത് മോദിക്കെതിരേയും അമിത്ഷാക്കെതിരേയും സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം. പിന്നീട് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട സഞ്ജീവ് ഭട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ചിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ മോദിയുടേയും അമിത്ഷായുടേയും കണ്ണിലെ കരടായിരുന്നു സഞ്ജീവ് ഭട്ട്. കുറിക്കുകൊള്ളുന്ന രീതിയിലുള്ള ട്വീറ്റുകള്‍ നിരവധി പേരാണ് പിന്തുടരുന്നത്.