ആഭ്യന്തരമന്ത്രി എവിടെ; സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ‘വേര്‍ ഈസ് അമിത് ഷാ’

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 മരണം 71 ല്‍ എത്തിയിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ വേഗം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കോറോണ വൈറസ് വ്യാപനം 102 ശതമാനമാണ് ഇന്ത്യയിലെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 114 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യതലസ്ഥാനത്ത് മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 91 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 2590 കടന്നിരിക്കുകയാണ്.
അതേസമയം, കൊറോണ ദുരിതത്തില്‍ രാജ്യം ഇടറുമ്പോള്‍ ഇതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയില്‍ ഉയരുന്നത്. കോവിഡ് വിഷയത്തില്‍ മൗനം തുടരുന്ന അമിത് ഷായ്ക്കെതിരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ അടക്കം നിരവധി നേതാക്കളാണ് ഇതിനകം രംഗത്തെത്തിയിരിക്കുന്നത്.

ആഭ്യന്തര മേഖലയില്‍ രാജ്യം ദുരിതമനുഭവിക്കുമ്പോള്‍ ആഭ്യന്തര മന്ത്രിയുടെ പൊതുവിലുള്ള ആഭാവമാണ്് സോഷ്യല്‍മീഡിയ ചോദ്യം ചെയ്യുന്നത്. പൗരത്വവിഷയത്തിലും വംശീയ വാദങ്ങളിലും നിറഞ്ഞുനിന്ന ആഭ്യന്തര മന്ത്രി അമിത് ഷായെ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ പ്രകടമായി കണാനില്ലെന്നാണ് വിമര്‍ശം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കിബാദും ഉപദേശങ്ങളുമായി രംഗത്തുണ്ട് താനും.

രാജ്യത്തുടനീളം പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചിരിക്കുകയാണ്. രാജ്യം മോശമായ അവസ്ഥയിലായിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ആഭ്യന്തരമന്ത്രിയെ കാണാതാകുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

നേരത്തേ പൗരത്വ നിയമ വിഷയത്തിലും ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെയും അമിത് ഷാ രംഗത്തെത്തിയിരുന്നു.
ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ ഷോക്കേല്‍ക്കുന്ന തരത്തില്‍ വേണം വോട്ടിംഗ് മെഷിനിലെ ബട്ടണ്‍ അമര്‍ത്താന്‍ എന്നാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ അണികളോട് ആഹ്വാനം ചെയ്തിരുന്നത്.

അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് നേരത്തെ സിബല്‍ രംഗത്തെത്തിയത്. രാജ്യത്തെ ലോക്ക് ഡൗണില്‍ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം ദേശത്തേക്ക് പലായാനം ചെയ്യുന്നത്. വീടുകളില്‍ എത്താന്‍ അവര്‍ കഷ്ടപ്പെടുന്നത്. ചിലര്‍ക്ക് ഇതുവരെ അവരെ സ്വദേശത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. ആഭ്യന്തര മന്ത്രി ഇതിനെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല, അദ്ദേഹത്തിനെ കാണാന്‍ തന്നെ ഇല്ല. ഇതുവരെ ഒരു ബട്ടണും അമര്‍ത്തിയിട്ടില്ല, എന്നിട്ടും സര്‍ക്കാര്‍ തിരുമാനത്തിന്റെ ഷോക്ക് ഞങ്ങള്‍ക്ക് വീടുകളില്‍ അനുഭവപ്പെടുന്നു,- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

അതേസമയം, അമിത് ഷാ എവിടെയാണെന്ന ചോദ്യം ട്വിറ്ററിലും ട്രന്റിങ് ആയിരിക്കുകയാണ്. #WhereIsAmitShah ആണ് ട്വിറ്ററില്‍ ട്രെന്റിങ്ങ് ആയത്.

അതേസമയം, കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കുന്നതിന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസ് നിസ്സാര രാഷ്ട്രീയം കളിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചരുന്നു.
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ആസൂത്രണമില്ലാതെ രാജ്യ വ്യാപകമായി ലോക് ഡൗണ്‍ നടപ്പാക്കിയതിനെ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.