“ചൈനയുടെ കടന്നുകയറ്റം”; മോദിക്ക് 56 ഇഞ്ച് ബ്രാ അയച്ചുകൊടുത്ത സംഭവം വീണ്ടും ചര്‍ച്ചയാവുന്നു

പാകിസ്ഥാനെ നിലയ്ക്കുനിര്‍ത്താനാകുന്നില്ലെങ്കില്‍ ബ്രാ ധരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് മുന്‍ സൈനികന്റെ ഭാര്യ 56 ഇഞ്ച് വലിപ്പമുള്ള ബ്രാ അയച്ചുകൊടുത്ത വാര്‍ത്ത വീണ്ടും ചര്‍ച്ചയാവുന്നു.. മോദിയുടെ 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പൊയ്ക്കഴിഞ്ഞു എന്ന് അവര്‍ ഉയര്‍ത്തിയ ആക്ഷേപം ഇന്ത്യയുടെ അതിര്‍ത്തി കയ്യേറി ചൈന നിര്‍മ്മാണം നടത്തുന്ന സാഹചര്യത്തിലാണ് വീണ്ടും സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയാവുന്നത്. ഇതാണ് മോദിക്ക് അയച്ചുകൊടുക്കാന്‍ പറ്റിയ സമയമെന്ന് പറഞ്ഞാണ് പഴയ വാര്‍ത്ത ടാഗ് ചെയ്ത് കാശ്യപ് കുമാര്‍ ട്വീറ്റ് ചെയ്തത്.

പാകിസ്ഥാന്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കിയതും മറ്റും സൂചിപ്പിച്ചാണ് 2017ല്‍ മുന്‍ സൈനികന്റെ ഭാര്യ മോദിക്ക് 56 ഇഞ്ച് ബ്രായും കത്തും അയച്ചത്. പാകിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ വിമര്‍ശനമറിയിച്ചായിരുന്നു ധരംവിര്‍ സിംഗ് എന്ന മുന്‍സൈനികന്റെ ഭാര്യ സുമന്‍ സിംഗ് വ്യത്യസ്തമായ രീതിയില്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. ബിജെപി അധികാരത്തിലേറിയപ്പോള്‍ പാകിസ്ഥാനോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നുവെന്ന് സുമന്‍ കത്തില്‍ ഓര്‍മിപ്പിച്ചു. മുന്‍ സൈനികനായ ധരംവിര്‍ സിംഗ് 1991 മുതല്‍ 2007 വരെയാണ് ഇന്ത്യയെ സേവിച്ചത്. തന്റെ ഭാര്യയോടൊപ്പം അദ്ദേഹവും തന്റെ പ്രതിഷേധം മാധ്യമങ്ങളെ അറിയിച്ചിരുന്നു. സ്ത്രീകള്‍ കുട്ടികളേയും സഹോദരരേയും രാജ്യത്തിനായി അയയ്ക്കുന്നു. എന്നാല്‍ അങ്ങനെ പോകുന്നവര്‍ക്ക് ലഭിക്കുന്നതോ കല്ലേറുകളും. 56 ഇഞ്ചിന്റെ നെഞ്ച് ഇതോടെ പോയിമറഞ്ഞു എന്നാണ് മനസിലാക്കേണ്ടതെന്നും അന്ന് ധരംവിര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, ഇന്ത്യയുടെ യഥാര്‍ത്ഥ അതിര്‍ത്തി കടന്ന് ചൈന സായുധ കടന്നുകയറ്റം നടത്തിയെന്ന ആരോപണങ്ങളും വാര്‍ത്തകളും നിലനില്‍ക്കെയാണ് പ്രധാനമന്ത്രി മോദിയുടെ 56 ഇഞ്ച് അളവും രാജ്യ ഭക്തിയും വീണ്ടും ട്രോളുകള്‍ക്ക് വിധേയമാവുന്നത്.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ചൈനയുടെ 2 യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറന്നിരുന്നു. അതിര്‍ത്തിയിലെ താവളങ്ങളില്‍ ചൈന ആയുധബലം വര്‍ധിപ്പിക്കുന്നതായ റിപ്പോര്‍്ട്ടുകളു പുറത്തുവരുന്നുണ്ട്. ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ യഥാര്‍ഥ സ്ഥിതി മോദി സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ച ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) രണ്ട് യുദ്ധവിമാനങ്ങളാണ് 30-35 കിലോമീറ്റര്‍ ചുറ്റളവില്‍ പറന്നുയര്‍ന്നത്. സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളോടു ചേര്‍ന്നു ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഹതന്‍, ഗര്‍ഗുന്‍സ വ്യോമതാവളങ്ങളില്‍ ചൈനയുടെ 12 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജെ 11, ജെ 7 വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനങ്ങളാണവ.

അതേസമയം, ചൈനയുടെ വ്യോമ നീക്കങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് സേനാ വൃത്തങ്ങള്‍ പറഞ്ഞു. സുഖോയ് 30 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ പാംഗോങ് ട്‌സോ തടാകം, ഗല്‍വാന്‍ താഴ്വര എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ ലഡാക്കിലെ തര്‍ക്ക പ്രദേശങ്ങള്‍ക്ക് സമീപം പീരങ്കികളും യുദ്ധ വാഹനങ്ങളും ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുമായി ഇരു രാജ്യങ്ങളുടെയും സൈന്യം നീങ്ങിയതോടെ എല്‍എസിയിലെ പിരിമുറുക്കം വര്‍ധിച്ചിരിക്കയാണ്.

അതേസമയം, അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും നയതന്ത്ര, സേനാ തലങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് കേന്ദ്ര പ്രതിരോധ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന വന്‍തോതില്‍ സേനാവിന്യാസം നടത്തിയിട്ടുണ്ട്. ജൂണ്‍ ആറിന് സൈനിക നേതൃത്വങ്ങള്‍ ചര്‍ച്ചകള്‍ നടത്തുമെന്നും തര്‍ക്കങ്ങള്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലുമുള്ള ചര്‍ച്ചകളില്‍ കൂടി പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുമ്പും ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുകയും അതൊക്കെ പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ ആരെയും ശത്രുവായി കരുതുന്നില്ല. പാകിസ്താനെപ്പോലും അയല്‍രാജ്യമായി മാത്രമാണ് നമ്മള്‍ കരുതുന്നത്. ചൈനയെ ഇന്ത്യ ശത്രുവായല്ല അയല്‍ക്കാരനായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ആരെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് തടയാന്‍ ശക്തമായി പരിശ്രമിക്കാന്‍ നമുക്ക് അവകാശമുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ എത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശ്‌നം രമ്യമായി പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ നീക്കത്തിന് പിന്നില്‍ എന്തെങ്കിലും ഉദ്ദേശങ്ങളുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പ്രതിരോധമന്ത്രി വിസമ്മതിച്ചു.

ലോക്ക്ഡൗണിന് ശേഷം രാജ്യം അഭിമുഖീകരിക്കുന്ന ദുരിതങ്ങളും വിമര്‍ശന വിധേയമാവുന്നുണ്ട്. എല്ലാ വിവാദങ്ങളും പ്രധാനമന്ത്രി മോദിയുടെ 56 ഇഞ്ച് നെഞ്ചളവെന്ന പരിഹാസത്തിലേക്കാണ് ചെന്നത്തുന്നത്.