രാജ്യത്തിന്റെ പ്രതിരോധത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എപ്പോഴാണ് സംസാരിക്കുക; വീണ്ടും ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈനീസ് അതിക്രമത്തില്‍ മോദി സര്‍ക്കാര്‍ തുടരുന്ന രാഷ്ട്രീയ മന്ദഗതിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്റെ ചോദ്യം. രാജ്യത്തിന്റെ പ്രതിരോധത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എപ്പോഴാണ് സംസാരിക്കുക, രാഹുല്‍ ഗാന്ധി ഞായറാഴ്ച ട്വീറ്റിലൂടെ ചോദിച്ചു.

അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകം കണ്ടതാണെന്നും, ലഡാക്കില്‍ നമ്മുടെ പ്രദേശങ്ങള്‍ മോഹിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, അതിര്‍ത്തിയിലെ ചൈനയുടെ ഇടപെടല്‍ വിവിധ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും ലഡാക്കിലും ചൈന അതിര്‍ത്തിയില്‍ സംഭവിക്കുന്നത് എന്താണെന്ന് മോദി സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, അതിര്‍ത്തി വിഷയത്തില്‍ പ്രതികരിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശവുമായാണ് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയത്. ഇന്ത്യ വിരുദ്ധ പ്രചാരണം കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് പൂര്‍ണ കഴിവുണ്ടെന്നും എന്നാല്‍ ഒരു വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് അതുന്നയിച്ചാല്‍ എന്തുചെയ്യുമെന്നുള്ള പ്രതികരണമാണ് അമിത് ഷാ എഎന്‍ഐയുടെ അഭിമുഖത്തില്‍ നടത്തിയത്. രാഹുല്‍ ചൈനയെ സഹായിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും അമിത് ഷാ കുറ്റ്‌പ്പെടുത്തി.

കോണ്‍ഗ്രസിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി (സിസിപി) ബന്ധമുണ്ടെന്ന ആരോപണവും ബിജെപി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ ആരോപണത്തെ എതിര്‍ത്ത കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല ആര്‍എസ്എസിനാണ് ആ ചരിത്രമുള്ളതെന്നും തിരിച്ചടിച്ചു.

രാജ്യത്ത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൊവിഡ് പടരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്കും എത്തിയെന്നും എന്നാല്‍ രാജ്യത്തെ സര്‍ക്കാരിന് ഇതിനെക്കുറിച്ച് യാതൊരു പദ്ധതിയുമില്ലെന്നും രാഹുല്‍ പറഞ്ഞത്. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് നിശബ്ദനാണ്. പ്രധാനമന്ത്രി കൊവിഡിനോട് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പൊരുതാന്‍ തത്പരനല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം രാജ്യത്തെ കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷം കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം കടന്നത് വെറും ആറ് ദിവസം കൊണ്ടാണ്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 18000 കടന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 58.13 ശതമാനമായി കുറഞ്ഞു. കൊവിഡ് പരിശോധനകളുടെ എണ്ണം 79 ലക്ഷം പിന്നിട്ടെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. 24 മണിക്കൂറിനിടെ 43 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.