സൂര്യന്‍ അസ്തമിക്കുമ്പോള്‍ മെഴുകുതിരിയും കരുതും സൂര്യനാണെന്ന്; മോദിയെ ട്രോളി മനീഷ് തിവാരി

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് വിളക്കു കത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ ട്രോളി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
‘സൂര്യന്‍ അസ്തമിക്കുമ്പോള്‍ മെഴുകുതിരിയും വിശ്വസിക്കും താന്‍ സൂര്യനാണെന്ന്’ എന്നാണ് തിവാരിയുടെ ട്രോള്‍. വിളക്കു തെളിക്കാനുള്ള ആഹ്വാനം ഓര്‍മിപ്പിച്ച് മോദി പോസ്റ്റ് ചെയ്ത ട്വിറ്റര്‍ കുറിപ്പ് റിട്വീറ്റ് ചെയ്താണ് കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം.

നേരത്തെ, കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, ശശി തരൂര്‍ തുടങ്ങിയവരും ഗ്രന്ഥകാരന്‍ രാമചന്ദ്ര ഗുഹയും മോദിയുടെ ആഹ്വാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിളക്കു കത്തിക്കാനല്ല, രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ എങ്ങനെ അതിജയിക്കും എന്നാണ് മോദി വിശദീകരിക്കേണ്ടത് എന്നാണ് ചിദംബരം ആവശ്യപ്പെട്ടിരുന്നത്.
ഹൈന്ദവ ശാസ്ത്ര പ്രകാരം ഒമ്പത് എന്ന അക്കത്തിലുള്ള വിശ്വാസം അടിച്ചേല്‍പ്പിച്ച് അന്ധവിശ്വാസം പടര്‍ത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത് എന്ന് ശശി തരൂര്‍ വിമര്‍ശിച്ചിരുന്നു. മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും സമാനമായ അഭിപ്രായം പങ്കുവച്ചിരുന്നു.
‘രാജ്യത്ത് അന്ധവിശ്വാസം വളര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അധികാരം ഉപയോഗിക്കരുത്. രാവിലെ ഒമ്പത് മണി, വൈകിട്ട് ഒമ്പത് മണി, ഒമ്പത് മിനിട്ട്. അദ്ദേഹത്തിന് എന്താണ്? രാജ്യം എങ്ങനെയാണ് സഹിക്കുന്നത്. ദയവായി ഉണരൂ. ഇപ്പോള്‍ തന്നെ ഒരുപാട് വൈകിപ്പോയി’- എന്നായിരുന്നു സിന്‍ഹയുടെ ട്വീറ്റ്.