ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് പൊലീസ് അവഗണിച്ചതായി റിപ്പോര്‍ട്ട്. സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ 6 തവണ മുന്നറിയിപ്പു നല്‍കിയെന്നാണു വിവരം.
രഹസ്യാന്വേഷണ വിഭാഗം കൃത്യമായി മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട സമയത്ത് ഇടപെട്ട് കലാപം തടയുന്നതില്‍ ഡല്‍ഹി പൊലീസ് ദയനീയമായി പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഞായറാഴ്ച ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ആറു തവണയാണ് സ്പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വയര്‍ലെസ് സന്ദേശങ്ങളിലൂ െമുന്നറിയിപ്പ് നല്‍കിയത്. ഇത് വടക്ക് കിഴക്കന്‍ ജില്ലയിലെ പൊലീസ് വൃത്തങ്ങള്‍ക്ക് കൈമാറിയത്. വടക്കു കിഴക്കന്‍ ഡല്‍ഹി ഡിസിപി വേദ്പ്രകാശ് സൂര്യയുടെ സാന്നിധ്യത്തിലായിരുന്നു മിശ്രയുടെ പ്രസംഗം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വയര്‍ലെസ് സന്ദേശം അയച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതിയെ പിന്തുണക്കുന്നതിന് വേണ്ടി മജ്പുര്‍ ചൗകില്‍ മൂന്ന് മണിക്ക് ആളുകളോട് ഒത്തുചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കപില്‍ മിശ്ര ട്വീറ്റ് ചെയ്ത ഉടനെയാണ് ആദ്യ മുന്നറിയിപ്പ് കൈമാറിയത്.
പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് സ്റ്റേഷനുകളിലേക്ക് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കുകയുണ്ടായി. ഇതിന് ശേഷം കല്ലേറുണ്ടാകുകയും പിന്നീട് തുടര്‍ച്ചയായി പൊലീസിന് മുന്നറിയിപ്പ് ലഭിച്ചിരിന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
അതേ സമയം ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി പൊലീസ് തള്ളി. മുന്നറിയിപ്പുകള്‍ ലഭിച്ച ശേഷം സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
അതേസമയം ഡല്‍ഹി കലാപ ഭൂമിയായി മാറിയതോടെ തിങ്കളാഴ്ച മാത്രം ഡല്‍ഹി പൊലീസ് കണ്ട്രോള് റൂമിലേക്ക് (പിസിആര്‍) ആക്രമണം നടന്ന പ്രദേശങ്ങളില്‍ നിന്നു 3,300 ഫോണ്‍ സന്ദേശങ്ങളാണു ലഭിച്ചത്. എന്നാല്‍ പലസ്ഥലത്തും പൊലീസെത്തിയില്ല, നടപടിയെടുക്കാനും വൈകി. ചൊവ്വാഴ്ച സന്ദേശങ്ങളുടെ എണ്ണം 7520 ആയി. കലാപകാരികളില്‍ നിന്നും സുരക്ഷതേടി വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ താമസക്കാരില്‍ നിന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഡല്‍ഹി പോലീസ് കണ്ട്രോള് റൂമിലേക്ക് ഓരോ മിനിറ്റിലും നാല് കോളുകള്‍ വീതം ലഭിച്ചിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കലാപത്തെ ശക്തമായ പ്രതിരോധിക്കുന്നതിന് പകരം കലാപകാരികളെ സഹായിക്കുന്ന സമീപനങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത്തരത്തില്‍ കലാപകാരികള്‍ക്ക് സഹായം ചെയ്യുന്നതും അക്രമണങ്ങള്‍ക്ക് കൂട്ടുനില്ക്കുന്നതുമായി ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുടെ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കാലപത്തിലേക്ക് വഴിതെളിയിച്ച ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഈ ഘട്ടത്തില്‍ കേസെടുക്കാനാവില്ലെന്നാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കേസെടുത്താല്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിചിത്ര ന്യായമാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ ഉന്നയിച്ചത്. ബി.ജെ.പി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി പൊലീസിന്റെ വാദം.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജസ്റ്രിസ് മുരളീധര്‍ റാവിവിന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ബെഞ്ച് ഡല്‍ഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കാത്തത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു നല്കിയ വിശീദകരണത്തിലാണ് പൊലീസിന്റെ പുതിയ വാദം. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 48 എഫ്.ഐ.ആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് കോടതിയെ അറിയിച്ചു. 106 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കലാപ ബാധിത പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. പുറത്തുനിന്നുള്ളവര്‍ അക്രമങ്ങളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ കലാപത്തില്‍ പങ്കുകാരാണെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്നും പരാതിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കോളിണ്‍ ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടു. പ്രഥമ ദൃഷ്ട്യാ തന്നെ ഇവര്‍ കുറ്റക്കാരാണ്. അക്രമത്തിലേക്ക് നയിച്ചത് ഇവരുടെ വാക്കുകളും പ്രവൃത്തികളും ആണെന്നും ഗോണ്‍സാല്‍വസ് ആരോപിച്ചു. ഏപ്രില്‍ 13നാണ് കേസ് ഇനി പരിഗണിക്കുക.