2018 ല്‍ കേരളം പ്രളയകെടുത്തിയലമരുമ്പോള് സാമൂഹ്യമാധ്യമത്തില്‍ വന്ന സാധാരണക്കാരന്റെ ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു.
‘എന്റെ കൈയില്‍ പണമില്ല; എന്തെങ്കിലും ഭക്ഷണം സംഭാവന നല്കണമെന്നുണ്ട്. പക്ഷേ, എങ്ങനെ? ദയവായി പറയൂ…’ എന്നാല്‍ ദുരിതത്തിന് മുന്നില്‍ എന്തുചെയ്യണമെന്ന് അറിയാത്ത തന്റെ ആരാധകന് കൂടിയായ ആളുടെ പോസ്റ്റിനോട് ബോളിവുഡ് നടനായിരുന്ന സുശാന്ത് സിങ് രാജ്പുത് അന്ന് പ്രതികരിച്ചത് ഞെട്ടിക്കുന്ന വിധത്തിലായിരുന്നു.
‘താങ്കളുടെ പേരില്‍ ഞാന്‍ ഒരു കോടി രൂപ സംഭാവന ചെയ്യാം. ഇത് നേരിട്ട് ആവശ്യക്കാരിലെത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും താങ്കളാണ് ഇത് എന്നെക്കൊണ്ട് ചെയ്യിച്ചതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയും ചെയ്യാം…’ ഇതായിരുന്നു സുശാന്ത് സിംഗ് രജ്പുതിന്റെ ആരാധകനോടുള്ള മറുപടി.
മഹേന്ദ്ര സിങ് ധോണിയുടെ ജീവചരിത്ര ചിത്രമായ ‘എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന സിനിമയിലൂടെ ആരാധകര്‍ക്കു പ്രിയങ്കരനായ സുശാന്ത്, വാക്കു പാലിക്കുകയും തന്നെ ചെയ്തു. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിന്റെ തെളിവ് താരം ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നമ്മുടെ കേരളം’ എന്ന ഹാഷ്ടാഗില് സുശാന്ത് പോസ്റ്റ് ചെയ്ത സന്ദേശത്തിനു കീഴിലാണ് ശുഭം രഞ്ജന്‍ എന്ന വിദ്യാര്‍ത്ഥി പണമില്ലാഞ്ഞിട്ടും കേരളത്തെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചത്. സ്വന്തം നിലക്ക് ഒരു കോടി രൂപ നല്‍കിയതിനു പുറമെ സുശാന്ത് സിങ് ദുരിതാശ്വാസ വസ്തുക്കളും മറ്റുമായി തന്റെ സുഹൃത്തുക്കളെ കേരളത്തിലേക്കയക്കുകയും കേരളത്തെ സഹായിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലേക്ക് ദുരിതാശ്വാസം നല്‍കരുതെന്ന പ്രചരണം കേരളത്തിലേതടക്കമുള്ള സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു സുശാന്തിന്റെ ഈ മഹാമനസ്കത. നിരവധി ബോളിവുഡ് താരങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നിക്ഷേപിച്ച് കേരളത്തെ സഹായിച്ചെങ്കിലും ആരാധകനു വേണ്ടി പണം നിക്ഷേപിച്ച സുശാന്ത് അന്ന് വേറിട്ട കാഴ്ചയായിരുന്നു.
സുശാന്ത് സിംഗ് രജ്പുത്തിന്റെ അകാല മരണത്തോടെ ഇന്നലെ ഉച്ചതിരിഞ്ഞ് ഈ വാര്‍ത്ത ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന ട്വീറ്റിന് താഴെ ഒരു മോദി ഫാന്‍ പേജും ഈ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്.
ഗുജറാത്ത് കലാപം പശ്ചാത്തലമായുള്ള ‘കായ് പോ ചെ’യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സുശാന്ത്. ആമിര്‍ ഖാന് നായകനായ ‘പി.കെ’യിലൂടെയും സുശാന്ത് കയ്യടി നേടി. പെട്ടെന്നുള്ള മരണത്താല്‍ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സുശാന്ത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)