ഭര്‍ത്താവ് മോശം പ്രകടനം നടത്തിയാലും പഴി ഭാര്യയ്ക്ക്: സാനിയ മിര്‍സ

ഹൈദരാബാദ്: ഭര്‍ത്താക്കന്മാര്‍ കളത്തില്‍ മോശം പ്രകടനം നടത്തിയാല്‍ അതിന്റെ പഴി ഭാര്യമാര്‍ക്കു കൂടി ഏല്‍ക്കേണ്ട ദൗര്‍ഭാഗ്യകരമായ അവസ്ഥ നിലവിലുണ്ടെന്ന് ടെന്നിസ് താരം സാനിയ മിര്‍സ. തമാശയായിട്ടാണ് ഇതുപറയുന്നത് എങ്കിലും അതൊരു വലിയ പ്രശ്‌നം തന്നെയാണെന്നും സാനിയ പറഞ്ഞു. വനിതാ ക്രിക്കറ്റര്‍മാരായ ജമീമ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിവര്‍ക്കൊപ്പം ഡബ്ള്‍ ട്രബ്ള്‍ എന്ന യൂട്യൂബ് ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നേരത്തെ, ഭാര്യ അലിസ ഹീലിയുടെ കളി കാണാന്‍ പോയ ഓസീസ് ക്രിക്കറ്റ് താരം മൈക്കല്‍ സ്റ്റാര്‍ക്കിന്റെ അനുഭവം സാനിയ പങ്കുവച്ചു. ഹീലിയെ പിന്തുണയ്ക്കാനെത്തിയ സ്റ്റാര്‍ക്കിന് വലിയ പ്രശംസയാണ് കിട്ടിയത്. ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഒരൊറ്റ നിമിഷത്തിനുള്ളില്‍ അയാളെ ഭാര്യയുടെ അടിമ (ജോരു കാ ഗുലാം) എന്ന് വിളിക്കുമായിരുന്നു- സാനിയ ചൂണ്ടിക്കാട്ടി.

https://twitter.com/MirzaSania/status/1236423248574926850

സ്റ്റാര്‍ക്കുമായി ബന്ധപ്പെട്ട് താനിട്ട ട്വീറ്റ് തമാശനിറഞ്ഞതായിരുന്നു. ഇക്കാര്യം താനും അനുഷ്‌കയും ചര്‍ച്ച ചെയ്യാറുണ്ട്. ഭര്‍ത്താക്കന്മാര്‍ നല്ല പ്രകടനം നടത്തുമ്പോള്‍ അത് അവരുടെ മികവു കൊണ്ടാകും. അവര്‍ മോശം പ്രകടനം നടത്തിയാലോ അത് തങ്ങളെ കൊണ്ടും. അതെങ്ങനെ എന്ന് തനിക്ക് മനസ്സിലാകുന്നില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.

സാനിയയും ഭര്‍ത്താവ് ഷുഹൈബ് മാലികും


സ്ത്രീയെ ശ്രദ്ധ തിരിക്കുന്ന ഒരാളായാണ് കരുതപ്പെടുന്നത്. ഒരു ശക്തിയായി അല്ല. ഇതൊരു സാംസ്‌കാരിക പ്രശ്‌നമാണ്. ഹീലിയെ കാണാന്‍ സ്റ്റാര്‍ക്ക് എത്തിയപ്പോള്‍ എല്ലാവരും അതിനെ പ്രശംസിക്കുകയാണ് ചെയ്തത്. ഇത് ഷുഹൈബാണ് ചെയ്തിരുന്നത് എങ്കില്‍ ഉണ്ടാകുന്ന ഒച്ചപ്പാടുകള്‍ ഒന്നാലോചിച്ചു നോക്കൂ- സാനിയ പറഞ്ഞു.