ഐസ്‌ക്രീം കഴിച്ചും, കൈപ്പിടിച്ചും കൊറോണ പ്രതിരോധത്തെ പരസ്യമായി അട്ടിമറിച്ച് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോ!!

റിയോ: ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്ത് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരസ്യമായി അട്ടിമറിക്കാന്‍ തങ്ങളുടെ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ശ്രമിക്കുന്നതായി ബ്രസീലിലെ ആരോഗ്യ വിദഗ്ധരുടെ വിമര്‍ശനം.

‘ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അവരുടെ അധികാരങ്ങള്‍ ഉപയോഗിച്ച് പ്രദേശത്ത് ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അടങ്ങിയിരിക്കാനുള്ള ജനങ്ങളുടെ ശ്രമങ്ങളെ നമ്മുടെ പ്രസിഡന്റ് തന്നെ അട്ടിമറിക്കുന്നതായി ബ്രിസീലിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

ആരോഗ്യ മേഖല നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി അവഗണിക്കാന്‍ ബോള്‍സോനാരോ ബ്രസീലുകാരെ പ്രോത്സാഹിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച ആസ്പത്രിയിലേക്ക് പോയ ബോള്‍സോനാരോയോട് സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ”ഒരു ഐസ്‌ക്രീം കഴിക്കാന്‍” വന്നതാണന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ ഗര്‍ഭധാരണ പരിശോധന നടത്തുകയാണെന്നും ബോള്‍സോനാരോ പറഞ്ഞു. പിന്നിട് സമീപത്തെ ഫാര്‍മസിയിലേക്ക് പോവുകയും ഒരു ബേക്കറിയില്‍ കയറി തണുത്ത പാനീയം കുടിക്കുകയും ചെയ്തു. പൊതുസ്ഥലത്ത് ഒരു മാസ്‌ക് പോലും ധരിക്കാതെയെത്തുന്ന പ്രസിഡന്റ് ലോകാര്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പര്യസമായി ലംഘിച്ച് മുഖത്തും കണ്ണുകളിലും കൈവെക്കുന്ന ദൃശ്യങ്ങളും സാമൂഹിക അകലം പാലിക്കാതെയുള്ള ബോള്‍സോനാരോയുടെ ഔദ്യോഗിക പരിപാടികളും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇന്നലെ പൊതുവിടത്തില്‍വെച്ച് കൈത്തണ്ടയുടെ പിന്‍ഭാഗംകൊണ്ട് മൂക്ക് തുടച്ച ബോള്‍സോനാരോ, പിന്നാലെ ഒരു വൃദ്ധക്ക് കൈക്കൊടുക്കുന്നതും പുറത്തായിട്ടുണ്ട്.

ജെയര്‍ ബോള്‍സോനാരോ മാനസിക ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്നാണ് ബ്രിട്ടീഷ് മാഗസിന്‍ ദി ഇക്കണോമിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ”പൊതുജനാരോഗ്യത്തെ സജീവമായി അട്ടിമറിക്കുന്നതിനൊപ്പം ധിക്കാരപരമായ വാചകമടിയും ബോള്‍സോനാരോ നടത്തുന്നതായും മാഗസിന്‍ പറയുന്നു. 210 ദശലക്ഷം ജനസംഖ്യയുള്ള ബ്രസീലിലെ പ്രസിഡന്റിന്റെ രീതി രാജ്യത്തെ അപകടത്തിലേക്കാണ് നീക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ബോള്‍സോനാരോക്ക് കോവിഡേ 19 ടെസ്റ്റുകള്‍ മൂന്ന് തവണ നടത്തിയതായും എന്നാല്‍ ഫലം പുറത്തുവിട്ടിട്ടില്ലെന്നതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലോകമെമ്പാടും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വൈറസിനെതിരെ പോരാടുമ്പോള്‍ സ്വതന്ത്രമായി കറങ്ങിനടക്കുകയാണ് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോ. രാജ്യത്ത് നിലവില്‍ 20,000 ത്തോളം പേരെ കോവിഡ് ബാധിക്കുകയും ഇതുവരെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ കണക്ക് ഔദ്യോഗിക സംഖ്യയുടെ അഞ്ച് മുതല്‍ 10 ഇരട്ടി വരെ ആണെന്ന് വിദഗ്ദ്ധര്‍ സംശയിക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ശ്മശാനങ്ങളില്‍ പുതിയ ശവക്കുഴികള്‍ വെട്ടുകയാണ്, ആസ്പത്രികള്‍ ടെസ്റ്റ് കിറ്റുകള്‍ തീര്‍ന്നു, ക്ലിനിക്കുകള്‍ രോഗലക്ഷണങ്ങളുള്ള രോഗികളെപോലും പിന്തിരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആമസോണിലെ ഗോത്രവര്‍ഗ്ഗക്കാരില്‍ പോലും കോവിഡ് ബാധ സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, രാജ്യത്തെ ക്വാറന്റൈന്‍ അവസാനിപ്പിക്കാനും, മാര്‍ക്കറ്റുകള്‍ തുറക്കാനുമുള്ള ശ്രമത്തലാണ് പ്രസിഡന്റ് ബോള്‍സോനാരോ.
ചിലപ്പോള്‍, ബ്രസീല്‍ പ്രസിഡന്റ് മണ്ടനെപ്പോലെ അനുയായികളെ കെട്ടിപ്പിടിക്കുന്നതായും തനിക്ക് ഇഷ്ടമുള്ളതുപോലെ വരാനും പോകാനുമുള്ള എന്റെ അവകാശം ആരും തടഞ്ഞുവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞുനടക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യുഎസിലെയും യൂറോപ്പിലെയും പോലെ നിലവില്‍ ഔദ്യോഗിക ലോക്ക്ഡൗണ്‍ ബ്രസീലില്‍ പ്രഖ്യാപിച്ചിട്ടില്ല.

മാസ്‌ക് ധരിക്കണമെന്ന വിദഗ്ദ്ധരുടെ ആവശ്യത്തിന് മുന്നില്‍ മാസ്‌കുകള്‍ ധരിക്കില്ലെന്നും അത് പാന്‍സികള്‍ക്കുള്ളതാണെമാണ് ബോള്‍സോനാരോയുടെ മറുപടി. പ്രതിരോധിച്ചില്ലെങ്കില്‍ കൂടുതല്‍ പേര്‍ മരിക്കില്ലേയെന്ന ചോദ്യത്തോട് നിങ്ങള്‍ക്ക് 70 വയസ്സിന് മുകളിലോ മാരകരോഗിയോ അല്ലെങ്കില്‍ നിങ്ങള്‍ മരിക്കില്ലെന്നാണ് ബോള്‍സോനാരോ പറയുന്നത്. ആളുകളോട് ജോലിയില്‍ പ്രവേശിക്കാനും ബോള്‍സോനാരോ ആവശ്യപ്പെടുന്നുണ്ട്.

ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോയും ആരോഗ്യമന്ത്രി ലൂയിസ് മണ്ടേട്ടയും

അതേസമയം, കോവിഡ് വിഷയത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോയും ആരോഗ്യമന്ത്രി ലൂയിസ് മണ്ടേട്ടയും തമ്മില്‍ പരസ്യയുദ്ധം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരിയില്‍ ബ്രസീലില്‍ കോവിഡ് 19 റിപ്പോര്‍ട്ടു ചെയ്തതുമുതല്‍, വൈറസ് വ്യാപത്തിനെതിരെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിച്ച സ്വന്തം ആരോഗ്യമന്ത്രി ലൂയിസ് മണ്ടേട്ടയെ പ്രസിഡന്റ് ബോള്‍സോനാരോ പരസ്യമായി എതിര്‍ത്തിരുന്നു. ഡോ. മണ്ടേട്ടയെ വെടിവെയ്ക്കുമെന്ന് വരെ ബോള്‍സോനാരോ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോവിഡിന് മരുന്നു തേടിയും ബോള്‍സോനാരോ രംഗത്തെത്തിയിരുന്നു. ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നപോലെ ഇന്ത്യ മരുന്ന് നല്‍കുമെന്ന് പ്രതീക്ഷക്കുന്നതായാണ്, മോദിയുമായി അടുത്ത ബന്ധമുള്ള ബോള്‍സോനാരോ പറഞ്ഞത്.

അതേസമയം, ബോള്‍സോനാരോയുമായി ഇടഞ്ഞ ആരോഗ്യമന്ത്രി പിന്നാലെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. ”ഞാന്‍ ഒരു ഡോക്ടറാണ്, ഡോക്ടര്‍മാര്‍ ഒരിക്കലും രോഗിയെ ഉപേക്ഷിക്കുന്നില്ല. ഞാന്‍ ബ്രസീല്‍ ഉപേക്ഷിക്കില്ല, ”ഡോ. മണ്ടേട്ട പറഞ്ഞു.