വാട്‌സ്ആപ്പ് ഹര്‍ത്താല്‍: പിടിയിലായ അഞ്ചു പേര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

മഞ്ചേരി: കഠ്‌വ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ മുഖ്യസൂത്രധാരനടക്കം അഞ്ചു പേര്‍ പൊലീസ് പിടിയില്‍.

തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ചു പേരെയാണ് മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു.

വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അഞ്ചംഗ സംഘത്തെ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റയും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രനും അടങ്ങിയ സംഘം രണ്ടു ലക്ഷം വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

20നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. നേരത്തെ വോയ്‌സ് ഓഫ് ട്രൂത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കൂട്ടായി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നില്ല.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോസ്റ്റിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

വാട്‌സ്ആപ്പ് ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ ഉണ്ടായിരുന്നു.

Also Read: 


ഹര്‍ത്താല്‍ മെനഞ്ഞത് സംഘ്പരിവാര്‍ സൈബര്‍ വിംഗെന്ന് ഇന്റലിജന്‍സ്