വാട്‌സാപ്പില്‍ ഒരാള്‍ ബ്ലോക്ക് ചെയ്‌തോ എന്ന് എങ്ങനെ അറിയാം?


വാട്സാപ്പില്‍ ശല്യക്കാരേയും തട്ടിപ്പുകാരേയും ആളുകളെ അകറ്റി നിര്‍ത്തുന്നതിനാണ് ബ്ലോക്ക് ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്. ബ്ലോക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടില്‍ നിന്നും പിന്നീട് സന്ദേശങ്ങളൊന്നും ലഭിക്കില്ല. ഒട്ടുമിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ബ്ലോക്കിങ് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്.

വാട്സാപ്പില്‍ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം? അതിന് ചില എളുപ്പ വഴികളുണ്ട്.

ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താല്‍ ഉടന്‍ തന്നെ അയാളുടെ പ്രൊഫൈല്‍ ചിത്രം അപ്രത്യക്ഷമാവും. നിങ്ങള്‍ക്ക് പിന്നീട് അയാളുടെ പ്രൊഫൈല്‍ ചിത്രം കാണാനാവില്ല. എന്നാല്‍ പ്രൊഫൈല്‍ ചിത്രം കാണാത്തത് നിങ്ങളെ ബ്ലോക്ക് ചെയ്തത് കൊണ്ട് മാത്രം ആവണം എന്നില്ല. അത് ചിലപ്പോള്‍ അയാള്‍ നീക്കം ചെയ്തതുമാവാം. അങ്ങനെ അങ്ങെയെങ്കില്‍ നിങ്ങള്‍ രണ്ട് പേരുമായും ബന്ധമുള്ള മറ്റൊരു സുഹൃത്തിനോട് അന്വേഷിക്കുക.

സ്റ്റാറ്റസ് കാണില്ല

ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ പ്രൊഫൈല്‍ ചിത്രത്തെ പോലെ തന്നെ ബ്ലോക്ക് ചെയ്ത ആളുടെ വാട്സാപ്പ് സ്റ്റാറ്റസുകളൊന്നും തുടര്‍ന്ന് കാണാന്‍ കഴിയില്ല. എന്നാല്‍ നിങ്ങളുടെ സുഹൃത്ത് പ്രൈവസി സെറ്റിങ്സില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും വാട്സാപ്പ് സ്റ്റാറ്റസ് കാണാന്‍ സാധിക്കാതെ വന്നേക്കാം.

സന്ദേശങ്ങള്‍ ഡെലിവര്‍ ആവില്ല

ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് പിന്നിട് ആ നമ്പറിലേക്ക് വാട്സാപ്പ് സന്ദേശങ്ങള്‍ അയക്കാനാവില്ല. സന്ദേശം മറുപുറത്തുള്ളയാള്‍ക്ക് കിട്ടിക്കഴിഞ്ഞാല്‍ സാധാരണ ഡബിള്‍ ടിക്ക് കാണാറുണ്ട്. എന്നാല്‍ ബ്ലോക്ക് ചെയ്തവര്‍ക്ക് സന്ദേശങ്ങള്‍ അയച്ചാല്‍ സിംഗിള്‍ ടിക്ക് മാത്രമേ കാണൂ. പിന്നീട് ബ്ലോക്ക് നീക്കിയാലും ഈ സന്ദേശം ഒരിക്കലും അയാള്‍ക്ക് ലഭിക്കുകയുമില്ല.

വാട്സാപ്പ് കോള്‍ ചെയ്യാനാവില്ല

ബ്ലോക്ക് ചെയ്യപ്പെട്ടാല്‍ എല്ലാതരം ആശയവിനിമയ ബന്ധവും വിച്ഛേദിക്കപ്പെടും. നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താല്‍ വാട്സാപ്പ് കോള്‍ വഴിയും നിങ്ങള്‍ക്ക് അവരുമായി ബന്ധപ്പെടാനാവില്ല.

SHARE