‘പട്ടിണിയാണ്, നാട്ടിലേക്ക് തിരിച്ചു പോകണം’ – മുംബൈയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് പറയാനുള്ളത്

‘ഉണ്ടായിരുന്ന സമ്പാദ്യം ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ തീര്‍ന്നു. ഞങ്ങള്‍ക്ക് ഇനി ഒന്നും തിന്നാനില്ല. ജന്മനാട്ടിലേക്ക് തിരിച്ചു പോകണം എന്നു മാത്രമാണ് ആവശ്യം. അതിന് സര്‍ക്കാര്‍ വഴിയുണ്ടാക്കണം’ – പശ്ചിമബംഗാളിലെ മാള്‍ഡയില്‍ നിന്ന് മുംബൈയില്‍ ജോലിക്കെത്തിയ അസദുല്ല ശൈഖിന്റേതാണ് ഈ വാക്കുകള്‍.

ഇത് അസദുല്ലയുടേത് മാത്രമല്ല, ഇന്ന് ബാന്ദ്ര റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പ്രതിഷേധിച്ച് തെരുവിലിറങ്ങിയ എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും പറയാനുള്ളത് ഇതു തന്നെ. ഉള്ള സമ്പാദ്യം തീര്‍ന്നിരിക്കുന്നു. പട്ടിണി മുമ്പില്‍ കാണുന്നു. അതിന് മുമ്പ് നാട്ടിലെത്തണം. ഗ്രാമത്തിലെത്തിയാല്‍ എങ്ങനെയെങ്കിലും ജീവിക്കാം.

‘ഒരുപാട് വര്‍ഷങ്ങളായി മുംബൈയിലുണ്ട് ഞാന്‍. എന്നാല്‍ ഇത്തരമൊരു സാഹചര്യം നേരത്തെ കണ്ടിട്ടില്ല. ജന്മനാട്ടിലെത്താന്‍ സര്‍ക്കാര്‍ തീവണ്ടി ഏര്‍പ്പാടാക്കണം’ – മറ്റൊരു തൊഴിലാളി അബ്ദുല്‍ ഖയ്യൂം പറഞ്ഞു.

‘ഇപ്പോള്‍ ഞങ്ങള്‍ക്ക് ഭക്ഷണം വേണ്ട. നാട്ടിലേക്ക് തിരിച്ചു പോയാല്‍ മതി. ലോക്ക് ഡൗണ്‍ നീട്ടാനുള്ള പ്രഖ്യാപനത്തില്‍ സന്തുഷ്ടരല്ല’ – പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു തൊഴിലാളി വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

ഇന്ന് ഏകദേശം ആയിരക്കണക്കിന് തൊഴിലാളികളാണ് ബാന്ദ്രയില്‍ തെരുവിലിറങ്ങിയത്. റെയില്‍വേ സ്റ്റേഷന് അടുത്തുള്ള സബര്‍ബന്‍ ബാന്ദ്ര(വെസ്റ്റ്)യിലാണ് ഇവര്‍ തടിച്ചു കൂടിയത്. എല്ലാവര്‍ക്കും ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ- നാട്ടിലേക്ക് തിരിച്ചു പോകണം. സര്‍ക്കാറിന്റെ ഉറപ്പുകളില്‍ വിശ്വാസം പോര എന്ന് തെളിയിക്കുന്നതായിരുന്നു ഈ ആള്‍ക്കൂട്ടം.

ആദ്യ ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ എതിര്‍കുടിയേറ്റത്തില്‍ (റിവേഴ്‌സ് മൈഗ്രേഷന്‍) കേന്ദ്രസര്‍ക്കാര്‍ പകച്ചിരുന്നു. ഡല്‍ഹിയിലും വിവിധ സംസ്ഥാന അതിര്‍ത്തികളിലും ലക്ഷക്കണക്കിന് തൊഴിലാളികളാണ് നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയിരുന്നത്. ഇതിനു ശേഷം ഗുജറാത്തിലെ സൂറത്തിലും ഡല്‍ഹിയിലും കുടിയേറ്റ തൊഴിലാളികള്‍ തെരുവിലിറങ്ങിയിരുന്നു.