റഫാല്‍; പിന്നോട്ടില്ലെന്ന് രാഹുലും പ്രശാന്ത് ഭൂഷണും

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോട് യോജിക്കാനാകില്ലെന്ന മുതിര്‍ന്ന അഭിഭാഷകനും ഹരജിക്കാരിലൊരാളുമായ പ്രശാന്ത് ഭൂഷണ്‍. കോടതിവിധി ദൗര്‍ഭാഗ്യകരമെന്ന് പ്രശാന്ത് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങളുടെ അഭിപ്രായത്തില്‍ സുപ്രീംകോടതി വിധി തെറ്റായ ഒന്നാണ്. പോരാട്ടത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ല. റിവ്യൂ ഹരജി നല്‍കുന്ന കാര്യത്തില്‍ കൂടിയാലോചിച്ച് തീരുമാനിക്കും.’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും പ്രശാന്ത് ഭൂഷണിനൊപ്പം ഹരജി നല്‍കിയിരുന്നു.

അതേസമയം റഫാല്‍ വിഷയത്തില്‍ മുങ്ങി പാര്‍ലമെന്റ് നടപടികള്‍ ഇന്നും തടസ്സപ്പെട്ടു. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ പന്ത്രണ്ടുമണിവരെ നിര്‍ത്തിവച്ചു. റഫാല്‍ ഇടപാടിലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെ ബി.െജ.പി. അംഗങ്ങള്‍ പ്രതിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. രാഷ്്ട്രീയ വിവാദങ്ങളില്‍ തന്നെ കുടുക്കാന്‍ ശ്രമമെന്ന് അനില്‍ അംബാനി പ്രതികരിച്ചു. രാഹുല്‍ മാപ്പുപറയണമെന്നായിരുന്നു അമിത് ഷായുടെ ആവശ്യം.

എന്നാല്‍ റഫാല്‍ ഇടപാടില്‍ ഉറച്ച നിലപാടുമായി കോണ്‍ഗ്രസും രംഗത്തെത്തി. റഫാല്‍ ഇടപാട് സംബന്ധിച്ച ജെപിസി അന്വേഷണം വേണമെന്ന് കാര്യത്തിലാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും.

റഫാലില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. റഫാല്‍ ഇടപാടില്‍ സംശയമില്ലെന്നും , വിഷയത്തില്‍ ഇടപെടില്ലെന്നുമായിരുന്നു ഹരജികളെല്ലാം തള്ളിക്കൊണ്ടുള്ള കോടതി വിധി. റിലയന്‍സിനെ പങ്കാളിയാക്കിയതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സി.ബി.ഐ അന്വേഷണ ആവശ്യപ്പെട്ട ഹരജിയിലാണ് വിധി.

കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പിഴവില്ലെന്നും വിലയിലും കരാറിലും സംശയമില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് കഴിയില്ലെന്നും പ്രതിരോധ ഇടപാടുകളില്‍ കോടതി പരിശോധനയ്ക്കു പരിധിയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറാണെന്ന് കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീംകോടതി വിധിയില്‍ റഫാല്‍ കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കേണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. റഫാല്‍ അഴിമതി ആരോപണത്തില്‍ പല രേഖകളും ഇപ്പോഴും സുപ്രീംകോടതിയുടെ മുന്നില്‍ എത്തിയിട്ടില്ലെന്ന ആരോപണം രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ രേഖകള്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രമല്ല നല്‍കുന്നതെന്നാണ് ആരോപണം.