ജീവന്‍ രക്ഷിക്കുന്ന ഡെക്‌സമെതസോണ്‍; ലോകത്തിന് മുന്നില്‍ വഴിത്തിരിവായി കോവിഡ് മരുന്നെത്തി

ലണ്ടന്‍: കോവിഡ് മഹാമാരി ലോകത്താകമാനം ജനങ്ങളുടെ ജീവന്‍ കൊയ്യുമ്പോള്‍ പ്രതിരോധ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവുമായി മരുന്നെത്തി. വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയ്ഡായ ഡെക്‌സാമെത്തസോണ്‍(dexamethasone) കോവിഡ് മരണത്തില്‍ നിന്നും രക്ഷിക്കുന്നതായി ബ്രിട്ടീഷ് ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. കോവിഡില്‍ നിന്നുള്ള രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കുറഞ്ഞ അളവിലുള്ള ഡെക്‌സാമെത്തസോണ്‍ ഗുരുതരമായി രോഗം ബാധിച്ചവരിലെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് കുത്തിവെച്ചും നല്‍കാം.

ബ്രിട്ടണില്‍ ഏഴായിരുത്തോളം വരുന്ന കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഡെക്‌സമെതസോണ്‍ന്റെ കണ്ടെത്തല്‍. ഈ മരുന്ന് നല്‍കിയ 2,104 രോഗികളുടെ ചികിത്സാഫലവുമായി മരുന്ന് നല്‍കാത്ത 4,321 പേരുടെ ഫലം താരതമ്യപ്പെടുത്തിയതോടെയാണ് ലോകത്തിന് മുന്നില്‍ വഴിത്തിരിവായ കോവിഡ് മരുന്നിന്റെ കണ്ടെത്തലുണ്ടായത്.

മരുന്ന് നല്‍കിയവരെ 28 ദിവസത്തിനുശേഷം പരിശോധിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറഞ്ഞു. ഓക്‌സിജന്‍ മാത്രം നല്‍കിയിരുന്നവരില്‍ മരണനിരക്ക് 20 ശതമാനമായും കുറഞ്ഞു. രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ യുകെയിലെ രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5,000 ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. മരുന്ന് ജീവന്‍ രക്ഷിക്കുമെന്നും മാത്രമല്ല അത് ചികിത്സാച്ചെലവ് കുറയ്ക്കാമെന്നും പഠനത്തിന് നേതൃത്വം നല്‍കുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറഞ്ഞു.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്ന ഓരോ എട്ട് രോഗികളിലും ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്റ്റിറോയിഡ് ഡെക്‌സമെതസോണിന് കഴിയുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പഠനം വ്യക്തമാക്കുന്നത്. ഈ മരുന്നുപയോഗിച്ചുള്ള മുഴുവന്‍ ചികിത്സയ്ക്കുമായി ഏകദേശം 50 ഡോളര്‍ മാത്രമേ ചെലവാകുകയുള്ളൂവെന്നും ബ്രിട്ടണ്‍ സര്‍ക്കാര്‍ ബ്രീഫിംഗില്‍ പറഞ്ഞു.

വ്യാപകമായി ലഭ്യമായ ഒരു മരുന്നുകൂടിയാണിത്. ഇത് എല്ലാ ആശുപത്രിയിലെയും മിക്കവാറും എല്ലാ ഫാര്‍മസി ഷെല്‍ഫുകളിലും ഉണ്ട്, വളരെ വിലകുറഞ്ഞ് ഇത് ലോകമെമ്പാടും ലഭ്യമാണ്”ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനും ആഗോള ആരോഗ്യ പ്രൊഫസറുമായ പീറ്റര്‍ ഹോണ്‍ബി അഭിപ്രായപ്പെട്ടു.

SHARE