സംസ്ഥാനത്ത് ലോക്ഡൗണ്‍; എന്താണ് ലോക്ഡൗണെന്നറിയാം


തിരുവനന്തപുരം: കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. ആളുകള്‍ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ സാധനങ്ങള്‍ ഉറപ്പ് വരുത്താന്‍ നടപടി എടുക്കും.

ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ഇറക്കുന്ന അടിയന്തര പെരുമാറ്റച്ചട്ടമാണ് ലോക്ഡൗണ്‍. ആളുകള്‍ നിലവില്‍ എവിടെയാണോ ഉള്ളത് അവിടെത്തന്നെ തുടരണമെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് ലോക്ഡൗണ്‍. നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പ്രദേശത്തുനിന്നോ മാറാന്‍ നിങ്ങള്‍ക്ക് അനുമതി ഉണ്ടാവില്ല.

28 വൈറസ് ബാധിതരില്‍ 19 പേരും കാസര്‍കോട് ജില്ലയില്‍ നിന്ന് ഉള്ളവരാണ്. 28 വൈറസ് ബാധിതരില്‍ 25 പേരും വന്നത് ദുബൈയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിതര സാധാരണമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

മാര്‍ച്ച് 31 വരെയാണ് നിലവിലെ ലോക്ക് ഡൗണ്. അതിനുശേഷം എന്തു വേണം എന്ന് ആലോചിച്ച് തീരുമാനിക്കും. ലോക്ക് ഡൗണില്‍ സംസ്ഥാനം മൊത്തം അടച്ചിടും പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ ബസുകളോ കെഎസ്ആര്‍ടിസിയോ ഉണ്ടാവില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങളില്‍ പോകാം. ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ഇന്ധന പാചക വിതരണം തുടരും.

ആരാധനാലയങ്ങളില്‍ ആളെക്കൂട്ടിയുള്ള എല്ലാ പരിപാടികളും റദ്ദാക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. മറ്റെല്ലാ കടകളും അടച്ചിടും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. എന്നാല്‍ ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടു പോകാം. അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണം.

കാസര്‍കോട് ജില്ലയിലെ സ്ഥിതി മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. അവിടെ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇനിയൊരാളും അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുത്. ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യുകയും കടുത്ത പിഴത്തുക ഈടാക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണ്. എല്ലാവരും പരിശോധനക്ക് വിധേയരാകണം.

വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ ഇറങ്ങി നടക്കുന്നത് തടയും. നിരീക്ഷത്തിലുള്ളവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍ നിന്നും സ്വീകരിക്കും. ഇവര്‍ ടവര്‍ ലൊക്കേഷന്‍ മറികടന്നാല്‍ പൊലീസ് ഇടപെട്ടും. നിരീക്ഷണത്തിലുള്ളവരുടെ അയല്‍വാസികളേയും ഇനി നിരീക്ഷണത്തിലുള്ള ആള്‍ക്കാരുടെ വിവരം അറിയിക്കും.

വിദേശത്ത് നിന്നും വരുന്നവരെ ഇനി പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിക്കും. നിരീക്ഷത്തിലുള്ളവര്‍ക്ക് വേണ്ട ഭക്ഷണം ഇനി നേരിട്ട് വീടുകളില്‍ എത്തിക്കും. ഈ സൗകര്യം ആവശ്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താം.

എന്താണ് ലോക്ഡൗണ്‍