ലോയകേസ് വിധിയില്‍ പ്രതികരണവുമായി സഹോദര്‍ ശ്രീനിവാസ്

ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ കോടതി ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയ നിരാശ പ്രകടിപ്പിച്ച് ജസ്റ്റിസ് ലോയയുടെ സഹോദരന്‍ ശ്രീനിവാസ് ലോയ രംഗത്ത്.

ഹര്‍ജി സുപ്രീം കോടതി തളളിയ നടപടിയില്‍ എനിക്ക്  ഒന്നും പറയാനില്ല. ലോയയുടെ കാര്യത്തില്‍ സംഭവിക്കേണ്ടത് സംഭവിച്ചു. ഇനി ഞങ്ങള്‍ക്ക് അദ്ദേഹത്തിന് എന്തു ചെയ്യാനാകും ശ്രീനിവാസ് ലോയ പ്രതികരിച്ചു. ലോയയുടെ മരണത്തിവല്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകരെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച സംഭവത്തില്‍ കേസില്‍ കോടതിയുടെ നിലപാട് വ്യക്തമാക്കിയെന്നും ഞങ്ങള്‍ സാധാരണക്കാരണെന്നും ലോയയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നും പ്രതികരിക്കാതെയിരിക്കുന്നതാണ് തങ്ങളുടെ ജീവനു നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഏറെ വിവാദമുയര്‍ത്തിയ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഇനി അന്വേഷണം വേണ്ടെന്ന് ഉത്തരവിട്ടത്. ജസ്റ്റിസ് ലോയയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ദുരൂഹതയില്ലെന്നും ജുഡീഷ്യല്‍ ഓഫീസര്‍മാരായ ശ്രീകാന്ത് കുല്‍ക്കര്‍ണി, ശ്രീരാം മൊഡാക്, എം. രതി, വിജയ്കുമാര്‍ ബദ്രെ എന്നിവരുടെ വിശദീകരണവും ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ ഭൂഷണ്‍ ഗവായ്, സുനില്‍ ഷുക്രെ എന്നിവരുടെ ദൃഢപ്രസ്താവവും അവിശ്വസിക്കാന്‍ കാരണമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്രാബുദ്ദീന്‍ വധക്കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ അസ്വാഭാവിക മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍, മുന്‍ നേവി അഡ്മിറല്‍ എല്‍ രാംദാസ്, ആക്ടിവിസ്റ്റ് തഹ്‌സീന്‍ പൂനാവാല, മഹാരാഷ്ട്രയിലെ പത്രപ്രവര്‍ത്തകന്‍ ബന്ധുരാജ് സംഭാജി ലോനെ, ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിരുന്നത്. ദുഷ്വന്ത് ദാവെ, ഇന്ദിര ജയ്‌സിങ്, വി. ഗിരി, പല്ലവ് സിഷോഡിയ, പി.വി സുരേന്ദ്രനാഥ് തുടങ്ങിയ അഭിഭാഷകരാണ് കേസ് വാദിച്ചത്.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബത്തെ ഉദ്ധരിച്ച് ‘ദി കാരവന്‍’ മാഗസിന്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജസ്റ്റിസ് ലോയയുടെ മരണം വിവാദമായത്. മരണത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയമുണര്‍ത്തുന്ന തെളിവുകള്‍ കാരവനും ആക്ടിവിസ്റ്റുകളും പുറത്തുവിട്ടിരുന്നു. തുടര്‍ ഹര്‍ജകള്‍ പ്രോത്സാഹിപ്പിക്കാത്ത വിധത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നിയമ വൃത്തങ്ങളില്‍ ഞെട്ടിച്ചിരുന്നു.