ടീമില്‍ ഇടം പിടിക്കാതെ ഗെയില്‍; ഇന്ത്യക്കെതിരെയുള്ള ആദ്യ രണ്ട് ട്വന്റി-20 വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

ആഗസ്ത് മൂന്നിനും നാലിനുമായി ഇന്ത്യക്കെതിരെ യുഎസിലെ ഫ്‌ലോറിഡയില്‍ നടക്കാന്‍ പോവുന്ന ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കാര്‍ലോസ് ബ്രാത്‌വെയിറ്റ് നയിക്കുന്ന പതിനാലംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നത്. മൂന്നാമത്തെ മത്സരത്തിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയില്‍ ടീമില്‍ ഇല്ല. ഗെയിലിന് പകരക്കാരനായി ജോണ്‍ കാംപെല്‍ ടീമില്‍ ഇടം പിടിച്ചു.
കാല്‍മുട്ടിന് പരിക്ക് കാരണം ലോകകപ്പിലെ അവസാന മത്സരങ്ങള്‍ കളിക്കാതിരുന്ന ആന്ദ്രേ റസ്സലും ടീമിലുണ്ട്. കൂടാതെ സീനിയര്‍ താരങ്ങളായ സുനില്‍ നരെയ്‌നെയും കീറോണ്‍ പൊള്ളാര്‍ഡിനെയും ആദ്യ രണ്ട് ട്വന്റി20ക്കായുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീം : കാര്‍ലോസ് ബ്രാത് വെയിറ്റ്, സുനില്‍ നരെയന്‍, കീമോ പോള്‍, കാരി പിയറെ, കീറോണ്‍ പൊള്ളാര്‍ഡ്, നിക്കോളാസ് പൂരന്‍, റോവ്മാന്‍ പവല്‍, ആന്ദ്രേ റസ്സല്‍, ഒഷാനെ തോമസ്, ആന്റണി ബ്രാമ്പിള്‍, ജോണ്‍ കാംപെല്‍, ഷെല്‍ഡന്‍ കോട്രല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, എവിന്‍ ലെവിസ്.

SHARE