അമിത് ഷായുടെ വിര്‍ച്വല്‍ റാലിക്ക് പിന്നാലെ ബംഗാളില്‍ സി.പി.എം മുന്‍ എം.പി ബി.ജെ.പിയില്‍

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം പിടിക്കാനുള്ള ബി.ജെ.പിയുടെ കരുനീക്കങ്ങള്‍ക്ക് വേഗം കൂടുന്നു. ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി അമിത് ഷാ നടത്തിയ വിര്‍ച്വല്‍ റാലിക്ക് പിന്നാലെ സി.പി.എം നേതാവ് ബി.ജെ.പിയിലേക്ക് ചേക്കേറി. സി.പി.എം മുന്‍ എം.പിയും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ ജ്യോതിര്‍മയി സിക്ദറാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

2004 ല്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി സത്യബ്രത മുഖര്‍ജിയെ പരാജയപ്പെടുത്തിയാണ് സിക്ദര്‍ പാര്‍ലമെന്റിലെത്തിയിരുന്നത്. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിക്ദര്‍ പരാജയപ്പെട്ടു. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇവര്‍ തോറ്റിരുന്നു.

ചൊവ്വാഴ്ച ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തിലാണ് ഇവര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. ഇതാദ്യമായല്ല ഒരു സി.പി.എം നേതാവ് ബംഗാളില്‍ ബി.ജെ.പിയിലെത്തുന്നത്. നേരത്തെ, മൂന്നു തവണ സി.പി.എം ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച ഖഗെന്‍ മുര്‍മു, പാര്‍ട്ടി മുന്‍ എം.എല്‍.എ മഹ്ഫൂസ ഖാതൂന്‍ എന്നിവര്‍ ബി.ജെ.പിയിലെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ടാണ് ഖാതൂന്‍.

അടുത്ത വര്‍ഷമാണ് പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്. 294 അംഗ സഭയില്‍ 211 ഇടത്തും ജയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ അധികാരമേറിയിരുന്നത്. ഇത്തവണ എങ്ങനെയെങ്കിലും സംസ്ഥാനം പിടിക്കണം എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്.