അമര്‍ത്യസെന്‍ നട്ടെല്ലില്ലാത്തവനെന്ന് ബി.ജെ.പി

കൊല്‍ക്കത്ത: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാസെന്നിനെതിരെ രൂക്ഷവിമര്‍ശനുമായി പശ്ചിമബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. അമര്‍ത്യാസെന്‍ എന്ത് സംഭാവനയാണ് ഇന്ത്യക്കായി ചെയ്തതെന്ന് ദിലീപ് ഘോഷ് ചോദിച്ചു.

ഒരു ബംഗാളി നൊബേല്‍ പുരസ്‌കാരം വാങ്ങി. അതില്‍ നമ്മള്‍ അഭിമാനം കൊണ്ടു. ഇതല്ലാതെ എന്ത് മഹത്തായ കാര്യമാണ് അദ്ദേഹം ഈ രാജ്യത്തിന് വേണ്ടി ചെയ്തത്? രാജ്യത്തിന് എന്ത് നേട്ടമാണ് ഇദ്ദേഹം ഉണ്ടാക്കിയത്? ബംഗാളിലുള്ള ആരും അദ്ദേഹത്തെ അറിയുക പോലുമില്ല ഘോഷ് പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ നോട്ടുനിരോധനത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടു സ്വീകരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് സെന്‍. നോട്ടുപിന്‍വലിക്കല്‍ മനുഷ്യത്വ രഹിതവും ബുദ്ധിശൂന്യവുമാണെന്ന് സെന്‍ തുറന്നടിച്ചിരുന്നു. ഒരു സ്വേച്ഛാധിപത്യ സര്‍ക്കാരിനേ ജനങ്ങളെ ഇത്തരത്തില്‍ ദുരിതത്തിലാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നളന്ദ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും പുറത്തായതില്‍ ഇദ്ദേഹത്തിന് വലിയ വേദനയുണ്ട്. നട്ടെല്ലില്ലാത്ത ഇദ്ദേഹത്തെപ്പോലുള്ളവര്‍ സ്വന്തംകാര്യം നേടിയെടുക്കാന്‍ എത്രവേണമെങ്കിലും തരംതാഴുമെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. നളന്ദസര്‍വകലാശാലയുടെ ആദ്യ വി.സിയും ഭരണസമിതി അംഗവുമായിരുന്ന അമര്‍ത്യാസെന്നിനെ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ വി.സി സ്ഥാനത്ത് നിന്നും ഭരണസമിതി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
അതേസമയം ദീലീപ് ഷോഷിന്റെ പ്രസ്താവനക്കെതിരെ മുന്‍ ലോക്‌സഭ എം.പിയായ കൃഷ്ണ ബോസ് രംഗത്തെത്തി. അമൃത്യാസെന്നിനെതിരെ ഈ പ്രസ്താവനകള്‍ കേട്ട് താന്‍ ലജ്ജിക്കുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. മറുപടി പോലും അര്‍ഹിക്കാത്തതാണ് ഇത്തരം പരാമര്‍ശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE