ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ മരണം 29 ആയി; സ്‌കൂളുകള്‍ അടച്ചു

പട്‌ന: ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ മരണം 29 ആയി. തലസ്ഥാനമായ പട്‌നയിലടക്കം റെയില്‍റോഡ് ഗതാഗതം സ്തംഭിച്ച നിലയിലാണ്. തലസ്ഥാന നഗരിയായ പട്‌നയിലും, രാജേന്ദ്ര നഗര്‍, കടം കുവാന്‍, കങ്കര്‍ബാഗ്, പട്‌ലിപുത്ര കോളനി, ലോഹാനിപൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് വെള്ളത്തിനടിയിലാണ്. സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചു. നേരത്തെ ബിഹാറിലെ 13 ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കതിഹാര്‍, പൂര്‍ണിയ, വൈശാലി, മുസഫര്‍പൂര്‍, പട്‌ന, ബെഗുസാരായി, കിഷങ്കന്‍ എന്നിവിടങ്ങളില്‍ അവസ്ഥ വളരെ ഗുരുതരമാണ്.

വൈദ്യുതി, ഫോണ്‍ കണക്ഷന്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായിട്ടുണ്ട്. ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനുള്ള വഴികള്‍ തേടുകയാണ്. പലയിടത്തും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. മിക്ക വീടുകളുടെയും താഴത്തെ നിലയില്‍ വെള്ളം കയറിക്കഴിഞ്ഞു. ആളുകളെ മാറ്റുന്നതിന് സേനയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് സംവിധാനങ്ങളും ബോട്ടുകളും പലയിടത്തുമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

സംസ്ഥാനത്തെ കോഷി, ഭാഗ്മതി, മഹനന്ദ തുടങ്ങിയ നദികളിലും അപകടകരമാം വിധമാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ മാറ്റേണ്ടി വന്നു. കേന്ദ്ര ദുരന്ത നിവാരണ സേനയുടെ 18 സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കിഴക്കന്‍ യുപിയിലെ മിക്ക ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഹാറില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.

സൈക്കിള്‍റിക്ഷകള്‍ കുറഞ്ഞ ദൂരത്തേക്ക് പോലും അമിത വില ഈടാക്കുന്നതായി പരാതിയുണ്ട്. കഴുത്തറ്റം വെള്ളത്തില്‍ നീന്തിയാണ് പലരും രക്ഷാമാര്‍ഗം തേടുന്നത്. പ്ലാസ്റ്റിക് പൈപ്പുകളും ട്യൂബുകളും മുളകളും ഉപയോഗിച്ച് താമസക്കാര്‍ താല്‍ക്കാലിക ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ട്.
പട്‌നയിലും ബിഹാറിന്റെ മറ്റു ഭാഗങ്ങളിലും മഴ തുടരുന്നതിനാല്‍ ഞായറാഴ്ച രാവിലെ പലയിടത്തും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകള്‍ റദ്ദാക്കി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സെപ്തംബര്‍ 30 വരെ മഴ തുടരുമെന്നാണ്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും മറ്റും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പട്‌നയിലെ പ്രധാന ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളജിലും വെള്ളം കയറിയിട്ടുണ്ട്.

അതേസമയം വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്തിത്തുടങ്ങി. 25 മലയാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാലു ദിവസമായി തുടരുന്ന മഴ ഉത്തരേന്ത്യയില്‍ കനത്ത നാശനഷ്ടടമാണ് വിതച്ചത്. ബിഹാറിലും കിഴക്കന്‍ യുപിയിലും നാല് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. രാജസ്ഥാനിലും ബീഹാറിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഗംഗാനദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ബിഹാറിലെ പാറ്റ്‌നയിലെ രാജേന്ദ്ര നഗറില്‍ വെള്ളം കയറിയത്. കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്താന്‍ പാട്‌ന ജില്ലാ ഭരണകൂടത്തോട് കേരളാ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കോളനിയില്‍ കുടുങ്ങിയ മലയാളികളെയാണ് രക്ഷപ്പെടുത്തിയത്. മുപ്പതോളം ബോട്ടുകള്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം.

SHARE