തുടര്‍മഴ ശക്തമാവാന്‍ സാധ്യതയില്ലെന്ന് സൂചന

കോഴിക്കോട്: കേരളത്തില്‍ ദുരിതം പെയ്തിറങ്ങിയ പെരുമഴയ്ക്കു താല്‍ക്കാലിക വിരാമമാകുമെന്ന് സൂചന. സംസ്ഥാനത്തെ 11 ജില്ലകളില്‍ തുടര്‍മഴയുണ്ടാകുമെങ്കിലും കനത്ത മഴയിലേക്ക് ഇതു മാറില്ലെന്ന സൂചനയാണ് കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍നിന്നു ലഭ്യമാകുന്ന വിവരം. അതേസമയം ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും കേരളത്തിലേക്ക് നീങ്ങുന്നതായ സൂചന ലഭി്ച്ചിരുന്നു. എന്നാല്‍ ഈ ന്യൂനമര്‍ദ്ദം ജാര്‍ഖഡ് ഭാഗത്തേക്ക് നീങ്ങുന്നതായും ഇതോടെ കേരള തീരത്ത് ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത തെളിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട മഴ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് ഇന്നലെ മാത്രം 82,442 പേരെയാണ് രക്ഷപ്പെടുത്തിയത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു. എറണാകുളം ജില്ലയില്‍ മാത്രം 1.42 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്.

ഇപ്പോഴും ആയിരക്കണക്കിന് കുടുംബങ്ങളാണ് കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലുമായി ഒറ്റ പ്പെട്ട് കഴിയുന്നത്. ഇപ്പോള്‍ രക്ഷപ്പെടുന്നവര്‍ കുട്ടനാട്ടില്‍ നിന്ന് പാലായനം ചെയ്യുകയാണ്.

ഇതിനിടയില്‍ ഇടുക്കിയില്‍ നിന്ന് പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് 800 ക്യൂമെക്സ് ആയി കുറച്ചു. 2401.56 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാരിയാറില്‍ ജലനിരപ്പ് 141.15അടിയാണ്. അതേസമയം വേമ്പനാട്ട് കായലിലും ജലനിരപ്പ് ഉയരുകയാണ്. ആലപ്പുഴ മഗരത്തിലെ കനാലുകളിലും വെള്ളം നറയുന്നു. ബീച്ചിനടുത്തുള്ള പൊഴിമുറിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

ഉച്ചയോടെ പലയിടങ്ങളിലും മേഘപാളികള്‍ നീങ്ങിയതു ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസക്കാഴ്ചയായി. ഓഗസ്റ്റ് 20 ന് മുതല്‍ പെയ്ത മഴ, കേരളത്തില്‍ സാധാരണ ലഭിക്കുന്ന കാലവര്‍ഷത്തെക്കാളും 41 ശതമാനം കൂടുതലാണെന്നാണ് കണക്കുകള്‍. രാജ്യത്തു ശരാശരി ലഭിക്കുന്ന മഴയില്‍ എട്ടു ശതമാനം കുറവു രേഖപ്പെടുത്തിയതിനിടെയാണ് സംസ്ഥാനത്തെ ഈ മഴപ്പെരുക്കം.

അതേസമയം, മഴയില്‍ കുതിര്‍ന്ന മലയോരങ്ങളിലും മറ്റും ഉരുള്‍പൊട്ടലുകള്‍ക്കു സാധ്യത നിലനില്‍ക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസങ്ങള്‍ നീണ്ട കനത്ത മഴ മലകളിലെ മണ്‍പാളികളില്‍ ചലനമുണ്ടാക്കിയാല്‍ മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാമെന്നാണ് വിശദീകരണം. മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ടെന്നു ചുരുക്കം. മഴദുരിതം പേറി ക്യാംപുകളിലും വീടുകളിലും തങ്ങുന്നവര്‍ കഴിവതും തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വീടുകളില്‍ കുടുങ്ങിയവര്‍ ശരീരത്തിലെ ലവണാംശം നിലനിര്‍ത്താന്‍ ഉപ്പ്, പഞ്ചസാര തുടങ്ങിയവ അല്‍പാല്‍പം കഴിക്കുന്നതും ഗുണം ചെയ്യും.

SHARE