ദുര്‍ബലനായ പ്രധാനമന്ത്രി; ചൈനീസ് ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറി സൈനികരെ വകവരുത്തിയ ചൈനീസ് നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളില്‍ രോഷം. #WeakestPMModi (ദുര്‍ബലനായ പ്രധാനമന്ത്രി മോദി) എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇന്ന് ട്രന്‍ഡിങ്.

സൈനികരെ കൂട്ടക്കശാപ്പ് ചെയ്തിട്ടും മോദി നിശ്ശബ്ദനായി നില്‍ക്കുന്നത് എന്തു കൊണ്ടാണ്? അമ്പത്തിയാറ് ഇഞ്ചിന്‍റെ നെഞ്ചളവ് ഇപ്പോള്‍ എവിടെ? ഈ പ്രതിസന്ധിയിലും മിണ്ടാതിരിക്കാന്‍ ലജ്ജയില്ലേ? എന്നിങ്ങനെയാണ് ട്വിറ്ററിലെ പ്രതികരണങ്ങള്‍.

ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് ഭാഗത്ത് 43 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ലഡാകിലെ ഗാല്‍വാന്‍ താഴ്‌വരയിലാണ് ചൈനീസ് സൈന്യം ആക്രമണം നടത്തിയത്.

പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തി. എന്താണ് സംഭവിച്ചത് എന്ന് രാജ്യത്തിന് അറിയണമെന്നും പ്രധാനമന്ത്രി ഒളിക്കുന്നത് എന്താണ് എന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ചോദിച്ചു. നമ്മുടെ സൈനികരെ കൊല്ലാനും രാജ്യത്തേക്ക് കടന്നു കയറാനും ചൈനയ്ക്ക് എങ്ങനെ ധൈര്യം വന്നു എന്നും രാഹുല്‍ ചോദിച്ചു.