ലോക്ക്ഡൗണ്‍ ശേഷമെന്ത്; എക്‌സിറ്റ് പ്ലാന്‍ തയ്യാറാക്കണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യവ്യപകമായ അടച്ചുപൂട്ടല്‍ അതിന്റെ മൂന്നാം ഘട്ടത്തിലേക്കും കടന്നിരിക്കെ ഇനിയും വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കാത്ത മോദി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ലോക്ക്ഡൗണില്‍ പുറത്തുകടക്കാന്‍ എക്‌സിറ്റ് പ്ലാന്‍ തയ്യാറാക്കാന്‍ ഞങ്ങള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായി കോണ്‍ഗ്രസ് ആവശ്യപ്പട്ടു.

ലോക്ക്ഡൗണില്‍ നിന്ന് എക്‌സിറ്റ് പ്ലാന്‍ തയ്യാറാക്കണമെന്നും കൊറോണ വൈറസ്, സമ്പദ്വ്യവസ്ഥയെ നേരിടാന്‍ ഗോള്‍പോസ്റ്റ് തയ്യാറാക്കണമെന്നും ഞങ്ങള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായി കോണ്‍ഗ്രസ് വ്യക്താവ് രണ്‍ദീപ് സുര്‍ജേവാല ശനിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

ലോക്ക്ഡൗലില്‍ കുടിയേറ്റക്കാരുടെ പ്രശ്‌നം അനുകമ്പയോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

‘കുടിയേറ്റ തൊഴിലാളി പ്രശ്‌നം മനുഷ്യത്വപരമായോ അനുകമ്പയോടെയല്ല സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ വീട്ടിലേക്കു മടങ്ങുന്ന ട്രെയിനുകളില്‍ പോലും ഭക്ഷണത്തിനും വെള്ളത്തിനും സര്‍ക്കാര്‍ പണം ഈടാക്കിതായും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സുര്‍ജേവാല കുറ്റപ്പെടുത്തി.

അതേസമയം, കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കൊണ്ടുവന്ന മൂന്നാം ഘട്ട ലോക്ക്ഡൗണിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷായുമായും ധനമന്ത്രി നിര്‍മ്മല സീതാരാമനുമായും കൂടികാഴ്ച നടത്തി.

നേരത്തെ, ഇത്രയും കര്‍ശനമായ ലോക്ക്ഡൗണ്‍ ഇനിയും തുടരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ അവസാനിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞ മെയ് മൂന്നിന് ശേഷം എന്തുചെയ്യണമെന്ന് സര്‍ക്കാരിന് ഇപ്പോഴും വ്യക്തതയില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അവര്‍ ആരോപിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം അനിയന്ത്രിമായി വര്‍ധിച്ചിട്ടും പ്രധാനമന്ത്രിക്ക് മുന്നില്‍ കോണ്‍ഗ്രസ് വെച്ച നിര്‍ദേശങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും ലോക്ക് ഡൗണിന്റെ ആഘാതം മയപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും സോണിയ കുറ്റപ്പെടുത്തി.

‘നമ്മളെല്ലാവരും കോവിഡ് വൈറസിനെ ചെറുക്കാന്‍ പരിശ്രമിക്കുമ്പോഴും ബി.ജെ.പി. വര്‍ഗീയതയുടേയും വിദ്വേഷത്തിന്റേയും വൈറസിനെ വ്യാപിപ്പിക്കുന്നത് തുടരുകയാണ്. ഇത് നമ്മുടെ സാമൂഹിക ഐക്യത്തിനെ മാരകമായി ബാധിക്കും. ഈ പ്രശ്നത്തെ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടേണ്ടതുണ്ട്.

‘കൊറോണ വൈറിനെതിരെയുള്ള പോരാട്ടത്തില്‍ സഹകരണം വാഗ്ദാനം ചെയ്തും ലോക്ക്ഡൗണില്‍ ഗ്രാമീണ, നഗരവാസികളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി തവണ കത്തെഴുതിയിട്ടുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ,’ സര്‍ക്കാരിന്റെ അനുകമ്പയുടേയും കരുതലിന്റേയും അഭാവം പ്രകടമാണെന്നും സോണിയ പറഞ്ഞു.

‘കോവിഡിനെതിരായ പോരാട്ടത്തിനിടയില്‍, നമ്മുടെ സംസ്ഥാനങ്ങള്‍ക്ക് നിയമാനുസൃതമായി നല്‍കേണ്ട ഫണ്ടുകള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. പ്രഖ്യാപിച്ച ഭക്ഷ്യധാന്യം ഗുണഭോക്താക്കളിലേക്ക് എത്തിയിട്ടില്ല, 11 കോടി ആളുകളാണ് പൊതുവിതരണ സംവിധാനത്തിന് പുറത്തുള്ളത്. പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ കുടുംബത്തിലെ ഓരോ വ്യക്തിക്കും 10 കിലോ ഭക്ഷ്യധാന്യങ്ങള്‍, ഒരു കിലോ പയര്‍വര്‍ഗ്ഗങ്ങള്‍, അര കിലോ പഞ്ചസാര വീതം നല്‍കേണ്ടത് നമ്മുടെ കടമയാണ്.

‘ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ കര്‍ഷകരും കുടിയേറ്റ തൊഴിലാളികളും ഇപ്പോഴും കടുത്ത പ്രയാസങ്ങളും ദുരിതങ്ങളും നേരിടുന്നുണ്ട്, വ്യവസായങ്ങളും വാണിജ്യവും നിര്‍ത്തിയതോടെ കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതായി. 12 കോടി തൊഴിലുകളാണ് ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ മാത്രം നഷ്ടപ്പെട്ടത്.’ അതിനാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഓരോ കുടുംബത്തിനും ഇപ്പോള്‍ 7500 രൂപ വീതം നല്‍കേണ്ടത് അത്യാവശ്യമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങള്‍ രാജ്യവ്യാപകമായി ലോകഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ സഹായങ്ങള്‍ ചെയ്തുവരുന്നുണ്ട്.