ദുബൈ: കോവിഡിന്റെ പേരില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടന്നു കൊണ്ടിരിക്കുന്ന വിവേചനങ്ങളില്‍ പ്രതികരണവുമായി യു.എ.ഇ രാജകുടുംബാഗം ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി. പ്രതിസന്ധി നിറഞ്ഞ ഈ വേളയില്‍ പുതിയ ഗാന്ധിയാണ് ലോകം തേടുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദ ടെലഗ്രാഫിന് നല്കിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഇത് അക്രമാസക്തമായാല്‍ ഇവിടെ ജേതാക്കളില്ല. നെല്‍സണ്‍ മണ്ടേല, മാര്‍ട്ടില്‍ ലൂഥര്‍ കിങ്, ഗാന്ധി എന്നിവരുടെ വഴിയാണ് കാര്യങ്ങള്‍ ചെയ്യാനായി നാം ആശ്രയിക്കേണ്ടത്. നമുക്ക് മറ്റൊരു ഹിറ്റ്ലറിനെ വേണ്ട. നമുക്ക് പുതിയ ഗാന്ധി മതി’ – അവര്‍ പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുണ്ടായ ഇസ്ലാമോഫോബിക് ട്വീറ്റുകള്‍ക്കെതിരെ പ്രതികരിച്ച ആദ്യ നേതാവാണ് ഇവര്‍. തങ്ങളുടെ രാജ്യത്ത് വിദ്വേഷ പ്രസംഗം കുറ്റകരമാണ് എന്നും അവര്‍ ഓര്‍മിപ്പിച്ചു.
താന്‍ തബ്ലീഗ് ജമാഅത്തിനെ പിന്തുണയ്ക്കുകയാണ് എന്ന വാദങ്ങളെ ശൈഖ ഹിന്ദ് തള്ളി. ‘സത്യത്തില്‍ ഞാന്‍ അവരെ കുറിച്ച് കേട്ടിട്ടു പോലുമില്ല. ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ സംഘത്തെ പ്രതിരോധിക്കുകയല്ല ഞാന്‍. മനുഷ്യന് കൊല്ലപ്പെടുന്നതിനെതിരെയാണ് സംസാരിച്ചത്’- അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമോഫോബിയ പരത്തുന്ന ട്വീറ്റുകള്‍ക്കെതിരെ അറബ് ലോകം രംഗത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. കോവിഡിന് വംശമോ മതമോ നിറമോ ജാതിയോ വിശ്വാസമോ ഭാഷയോ ഇല്ലെന്നായിരുന്നു മോദിയുടെ ട്വീറ്റ്.