ആര്‍.എസ്.എസ് നുണബോംബുകള്‍ നിര്‍വ്വീര്യമാക്കാന്‍ നമുക്ക് ഒന്നിച്ച് പ്രയത്‌നിക്കാം; പി.കെ ഫിറോസ്

ഞങ്ങളുടെ നാട്ടില്‍ ഒരു സീതിക്കോയ ഹാജി ഉണ്ടായിരുന്നു. 66 വയസ്സായിരുന്നു പ്രായം. പള്ളി കമ്മിറ്റി സെക്രട്ടറിയായിരുന്നു. എന്നും രാവിലെ വീട്ടില്‍ നിന്നും സുബഹി നമസ്‌കാരത്തിന് പള്ളിയിലേക്ക് നടന്നു പോകും. ഇദ്ദേഹത്തെ ഒരു ദിവസം സുബഹി നമസ്‌കാരത്തിനായി നടന്നു പോകുന്നതിനിടയില്‍ കുത്തിക്കൊന്നു. പ്രതിയെ പിടി കൂടിയപ്പോള്‍ തങ്ങളുടെ മതത്തിനെതിരെ എന്തോ ഗൂഢാലോചന നടത്താനാണ് ഇദ്ദേഹം എന്നും രാവിലെ പള്ളിയിലേക്ക് പോകുന്നത് എന്ന് ധരിച്ചിട്ടാണ് കൊലപ്പെടുത്തിയത് എന്ന് അയാള്‍ വ്യക്തമാക്കി. ആര്‍.എസ്.എസ്സിന്റെ ശാഖയില്‍ നിന്നും കേള്‍ക്കുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് ഈ കടുംകൈ ചെയ്തത്.

ഇങ്ങിനെ എത്ര പേരുടെ ലിസ്റ്റ് നമ്മുടെ മുന്നിലുണ്ട്. റിയാസ് മൗലവിയും കൊടിഞ്ഞി ഫൈസലുമൊക്കെ ഈ ലിസ്റ്റില്‍ ഒടുവില്‍ എഴുതി ചേര്‍ക്കപ്പെട്ടവര്‍ മാത്രമാണ്.

മുമ്പ് ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്ന ഉണ്ണി ആര്‍ അവിടെ നിന്നും പടച്ചു വിടുന്ന പരമത വിദ്വേഷത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ഇത്തരം വിദ്വേഷങ്ങള്‍ സാധാരണക്കാരെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഒരമ്പലത്തില്‍ വെച്ച് ഒരു സ്ത്രീ നടത്തിയ പ്രതികരണത്തിലൂടെ നാം കേട്ടത്. കാക്കാമാര്‍ തന്റെ പെണ്‍ മക്കളെ കൊണ്ടു പോകാതിരിക്കാനാണ് അവര്‍ പൊട്ടു തൊടുന്നത്, അതിനാണവര്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന യോഗത്തില്‍ പങ്കെടുത്തത്, അമ്പലത്തില്‍ വെച്ച് നിങ്ങളെങ്ങനെ ഇങ്ങിനെയൊരു യോഗം നടത്തുമെന്ന് ചോദിച്ച സഹോദരിയോട് വേണമെങ്കില്‍ കൊല്ലാനും മടിക്കില്ല എന്നാക്രോശിച്ചത്.

ഇതൊരു രോഗമാണ്. നിങ്ങള്‍ ട്രോളുണ്ടാക്കിയത് കൊണ്ടോ ആ സ്ത്രീയെ ആക്ഷേപിച്ചത് കൊണ്ടോ ഈ രോഗം മാറാന്‍ പോവുന്നില്ല. അവരുടെ മനസ്സില്‍ കയറിയ വിഷം ഇറക്കണം. ആര്‍.എസ്.എസ്സുകാരെയും അവരുടെ വലയില്‍ വീണു പോകുന്നവരെയും രണ്ടായി കാണണം. അതിനായി നമ്മള്‍ കൃത്യമായി, ബുദ്ധിപരമായി പ്രവര്‍ത്തിക്കണം. മുമ്പ് ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്ന നിരവധി പേര്‍ ആര്‍.എസ്.എസ് വിട്ട അനുഭവം നമ്മുടെ മുന്നിലുണ്ട്. ആര്‍.എസ്.എസ് നടത്തുന്ന നുണ പ്രചരണങ്ങള്‍ തുറന്ന് കാട്ടിയാല്‍ ഒരളവ് വരെ നമുക്കീ വിഷം ഇറക്കാന്‍ സാധിക്കും.

ലവ് ജിഹാദാണ് ഇവരുടെ പ്രധാനപ്പെട്ട ഒരു പ്രചരണായുധം. മിശ്രവിവാഹം നമ്മുടെ രാജ്യത്ത് നിയമപരമായി തെറ്റല്ല. മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതും അതിനായി പ്രചാരണം നടത്തുന്നതും ഭരണഘടനയിലെ മൗലികാവകാശമാണ്. പല മതങ്ങളിലേക്കും ആളുകള്‍ ഇങ്ങിനെ മാറുന്നുമുണ്ട്. പിന്നെ എന്തിനാണ് ഒരു മതത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ലവ് ജിഹാദ് എന്ന ഒരു പദ്ധതി ഇല്ല എന്ന് അന്വേഷിച്ച് കണ്ടെത്തിയത് കേരള പോലീസ് മാത്രമല്ല മോദിയുടെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ കൂടിയാണ്.

പിന്നെ ഇവര്‍ പറയുന്നത് ഐ.എസിലേക്ക് പോയതിനെ കുറിച്ചാണ്. കേരളത്തില്‍ 90 ലക്ഷം മുസ്‌ലിംകള്‍ ഉണ്ട്. അതില്‍ 21 പേരാണ് ഐ.എസിലേക്ക് പോയി എന്ന് പറയപ്പെടുന്നത്. പോയവരുടെ സ്വന്തം മാതാപിതാക്കള്‍ പോലും അവരെ പിന്തുണക്കുന്നില്ല. പിന്നെയാണോ ബാക്കിയുള്ളവര്‍? രാജ്യദ്രോഹത്തിലേര്‍പ്പെടുന്നത് സ്വന്തം മകനാണെങ്കിലും അവന്റെ മയ്യത്ത് പോലും കാണണ്ട എന്ന് പറഞ്ഞ ഉമ്മമാരുടെ നാടല്ലേ ഇത്?

പശുവിന്റെ പേരില്‍ കൊലപാതകം നടത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍.എസ്.എസ്സുകാര്‍ ചോദിച്ചത് മലപ്പുറത്ത് പോര്‍ക്ക് ഫെസ്റ്റ് നടത്താന്‍ പറ്റുമോ എന്നായിരുന്നു. മലപ്പുറത്ത് പോര്‍ക്ക് ഫെസ്റ്റ് നടത്തിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? ഏത് ആര്‍.എസ്.എസ്സുകാരന് വേണമെങ്കിലും നടത്താം ഒരു പോറല്‍ പോലും ഏല്‍ക്കില്ല. സെന്‍കുമാര്‍ വേണമെങ്കില്‍ ഒരു ‘പോര്‍ക്ക് സ്റ്റാള്‍ ‘ തന്നെ തുടങ്ങട്ടെ. അതല്ലേ ഹീറോയിസം. പക്ഷേ ഒറ്റക്കണ്ടീഷന്‍. മുസ്‌ലിംകള്‍ അതു വാങ്ങണമെന്ന് വാശി പിടിക്കരുത്. അത്രേ ഉള്ളൂ.

പിന്നെ പറഞ്ഞത് മലപ്പുറത്ത് നോമ്പു കാലത്ത് ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു. കുറേ കാലം ഇത് പ്രചരിച്ചു. ഈ അടുത്ത കാലത്താണ് നോമ്പു കാലത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ പേര് വിവരം പരസ്യപ്പെടുത്തിയത്. നോമ്പു കാലത്ത് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഹോട്ടലുടമകള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രയാസം നേരിട്ടതായി നാളിതു വരെ ഒരു പരാതിയുമില്ലെന്ന് സാക്ഷ്യപ്പെടുത്തിയത് പോലീസാണ്. അപ്പോഴേക്ക് എത്ര പേര്‍ ഇവരുടെ നുണ വിശ്വസിച്ചിട്ടുണ്ടാവും!

ഇങ്ങിനെ ഒന്നൊന്നായി ഇവരുടെ നുണകളെ പൊളിച്ചടുക്കണം. ഇവരുടെ നുണബോംബുകള്‍ നിര്‍വ്വീര്യമാക്കണം. അതിനായി സത്യത്തെയും വസ്തുതകളെയും നാം ആശ്രയിക്കണം. ഒരു ബോംബ് സ്‌ക്വാഡ് അംഗം കാണിക്കുന്ന സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വേണം ഈ വിഭാഗത്തെ കൈകാര്യം ചെയ്യാന്‍. ഈ മാരക വിപത്തിനെതിരെ നമുക്കൊന്നിച്ച് പ്രയത്‌നിക്കാം.

SHARE