മെസ്സിയെ കരുതിയിരിക്കണം, സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രസീലിയന്‍ പ്രതിരോധ താരം

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആദ്യ സെമിഫൈനല്‍ മത്സരത്തിനൊരുങ്ങുന്ന ബ്രസീലിയന്‍ ടീമിന് മുന്നറിയിപ്പുമായി പ്രതിരോധ താരവും മുന്‍ ക്യാപ്റ്റനുമായ തിയാഗോ സില്‍വ. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കരുതിയിരിക്കണമെന്നാണ് സില്‍വ സഹതാരങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. മെസ്സി അപകടകാരിയാണ് മത്സരത്തില്‍ മെസ്സിയെ ജാഗ്രതയോടെ നേരിടുമെന്നും തിയാഗോ സില്‍വ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി. മെസ്സിക്ക് പന്ത് കിട്ടുമ്പോഴെല്ലാം തങ്ങള്‍ അങ്ങേയറ്റം ജാഗരൂഗരായിരിക്കും. കളിക്കളത്തില്‍ എപ്പോഴും ഏറ്റവും മികച്ച ഫോമില്‍ കളിക്കാനും മെസ്സിക്ക് കഴിയുമെന്നതാണ് മെസിയുടെ മേന്മ. പലപ്പോഴും ശാന്തനായി കാണാമെങ്കിലും ഞൊടിയിടയില്‍ തന്നെ പന്തുമായി മുന്നേറാനും കഴിയുന്ന താരമാണ് മെസ്സി സില്‍വ വ്യക്തമാക്കി.
നിലവില്‍ കോപ്പ അമേരിക്കയില്‍ ഫോമിലെത്താനോ ടീമിന് വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യാനോ മെസ്സിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും മെസ്സിയെ എഴുതി തള്ളിയാല്‍ വലിയ ആപത്താവുമെന്നും സില്‍വ സൂചിപ്പിച്ചു.