ലക്ഷ്യം അമേരിക്ക മാത്രം; അഫ്ഗാന്‍ സുരക്ഷാ സേനയെ ആക്രമിക്കില്ലെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാന്‍ പൊലീസിനെയും സൈന്യത്തെയും ഇനിമുതല്‍ ആക്രമിക്കില്ലെന്ന് താലിബാന്‍. അമേരിക്കക്കാരെയും അവരുടെ വിദേശ സഖ്യകക്ഷികളെയും മാത്രമായിരിക്കും ലക്ഷ്യംവെക്കുകയെന്നും താലിബാന്‍ പ്രഖ്യാപിച്ചു. യു.എസ് അധിനിവേശത്തിനുശേഷം ആദ്യമായാണ് താലിബാന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഏറ്റുമുട്ടലില്‍ അഫ്ഗാന്‍ സൈനികരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് താലിബാന്‍ പുറത്തിറക്കിയ അപൂര്‍വ പ്രസ്താവനയില്‍ ഉറപ്പുനല്‍കുന്നു.

ദേശീയ സേന, പൊലീസ്, പ്രാദേശിക പൊലീസ്, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതായും സംഘടന അറിയിച്ചു. വിദേശ അധിനിവേശ സേനക്കും അവരുടെ പാവ ഭരണകൂടത്തിനും സംരക്ഷണം നല്‍കുന്നതുകൊണ്ടാണ് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നമ്മുടെ സ്വന്തം രാജ്യക്കാരാണ്. തെറ്റിദ്ധാരണയും മറ്റുമാണ് അവര്‍ അമേരിക്കയോടൊപ്പം കൂടാന്‍ കാരണം. സൈന്യം വിട്ട് പുറത്തുപോരുകയാണെങ്കില്‍ ഇസ്‌ലാമിക് എമിറ്റേറ്റ്(താലിബാന്‍) മുജാഹിദുകള്‍ എന്തു വില കൊടുത്തും നിങ്ങളുടെ ജീവന്‍ സംരക്ഷിക്കും-പ്രസ്താവന വ്യക്തമാക്കി.

വിദേശ അധിനിവേശ സേനക്കെതിരെ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്നും താലിബാന്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഫറഹ് പ്രവിശ്യയില്‍ പൊലീസ് ആസ്ഥാനത്തിനുനേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ചൊവ്വയുണ്ടായ കനത്ത ഏറ്റുമുട്ടലില്‍ 25 അഫ്ഗാന്‍ സൈനികരും അഞ്ച് സാധാരണക്കാരും കൊല്ലപ്പെടുകയുണ്ടായി. ബി.ബി.സിയുടെ പഠനറിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിസ്താനിലെ 70 ശതമാനം ജില്ലകളിലും താലിബാന്‍ സജീവമാണ്.
രാജ്യത്തിന്റെ നാല് ശതമാനം പൂര്‍ണമായും താലിബാന്‍ നിയന്ത്രിക്കുന്നുണ്ട്. 66 ശതമാനം ഭാഗത്ത് അവരുടെ സജീവ സാന്നിദ്ധ്യവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനില്‍ സൈനിക സാന്നിദ്ധ്യം വര്‍ധിപ്പിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ സേന പിന്‍വാങ്ങിയാല്‍ മാത്രമേ അനുരഞ്ജന ചര്‍ച്ചക്ക് ഉള്ളൂ എന്നാണ് താലിബാന്റെ നിലപാട്.

SHARE