‘ദിലീപിനെതിരെയുള്ള നടപടി വൈകരുത്’; അമ്മക്ക് വീണ്ടും നടിമാരുടെ കത്ത്

കൊച്ചി: ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്നാവശ്യപ്പെട്ട് മൂന്ന് നടിമാര്‍ അമ്മ നേതൃത്വത്തിന് വീണ്ടും കത്ത് നല്‍കി. അമ്മയുമായി നേരത്തെ ചര്‍ച്ച നടത്തിയ ഡബ്ല്യു.സി.സി അംഗങ്ങളായ രേവതിയും പാര്‍വ്വതിയും പത്മപ്രിയയുമാണ് കത്ത് നല്‍കിയത്.

കഴിഞ്ഞ ആഗസ്റ്റ് ഏഴിനായിരുന്നു അമ്മയുമായി രേവതിയും പാര്‍വ്വതിയും പത്മപ്രിയയുമായി ചര്‍ച്ച നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ വിധി വരും വരെ ദിലീപിനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നതടക്കമുളള ആവശ്യങ്ങളാണ് നടിമാര്‍ അന്ന് ഉന്നയിച്ചത്. സംഘടനയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയ കാര്യമായിരുന്നു അമ്മ ഭാരവാഹികള്‍ ഉന്നയിച്ചതെങ്കിലും നടപടി തന്നെ വേണമെന്നായിരുന്നു നടിമാരുടെ ആവശ്യം.

നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കാമെന്ന് അറിയിച്ച് ഒരു മാസത്തിലേറെ ആയിട്ടും ഒരു പ്രതികരണവും ഇല്ലാത്ത സാഹചര്യത്തിലാണ് നടിമാരുടെ പുതിയ നീക്കം. നേരത്തെ ആഗസ്റ്റ് 13 ന് തീരുമാനം വൈകരുതെന്ന് കാണിച്ച് നടിമാര്‍ അമ്മക്ക് കത്ത് നല്‍കിയിരുന്നു. വീണ്ടും ചര്‍ച്ച നടത്താമെന്നും ഒരുമിച്ച് വാര്‍ത്താസമ്മേളനം വിളിക്കാമെന്നുമൊക്കെ കൊച്ചിയിലെ ചര്‍ച്ചയിലെ ധാരണയും ഇതുവരെ ഉണ്ടായില്ല.