മാസ്മരിക ഗോളുമായി വെയ്ന്‍ റൂണി വീണ്ടും

സൂപ്പര്‍ ഗോളുമായി വീണ്ടും ഫുട്‌ബോള്‍ കളം നിറഞ്ഞ് ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി. സ്വന്തം പകുതിക്കുള്ളില്‍ നിന്നും അവിശ്വസനീയമായ ഗോള്‍ കണ്ടെത്തിയാണ് റൂണി വീണ്ടും ഫുട്‌ബോള്‍ ആസ്വാദകര്‍ക്കിടയില്‍ താരമായിരിക്കുന്നത്. ഡിസി യുണൈറ്റഡിനായി ബുധനാഴ്ച രാത്രി കളിച്ച ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെയായ മത്സരത്തിലായിരുന്നു 70 മീറ്ററില്‍ നിന്ന് മൈതാനത്തെ നിശ്ചലമാക്കിയുള്ള അതിശയകരമായ റൂണി ഗോള്‍.

നേരത്തെ എവര്‍ട്ടണിനായി കളിക്കുമ്പോള്‍ വെസ്റ്റ് ഹാമിനെതിരെ റൂണി തന്നെ നേടിയ ഗോളിന് പകരം വെക്കുന്നതായി പുതിയ നേട്ടം.

ഗോള്‍രഹിതമായ ഒന്‍പതു മിനിറ്റിനുശേഷമായിരുന്നു ഒര്‍ലാന്‍ഡോ പോസ്റ്റ് ലക്ഷ്യം വെച്ച റൂണിയുടെ തകര്‍പ്പന്‍ നീളനടി. മധ്യ വരക്ക് അപ്പുറം റൂണിയുടെ കാല്‍ നിന്നും ഉയര്‍ന്നു കുതിച്ച പന്ത് ഒര്‍ലാന്‍ഡോ ഗോള്‍കീപ്പറിന് മുകളിലൂടെ വലയില്‍ ഇറങ്ങുന്ന കാഴ്ചക്കാണ് ഗ്യാലറി കാഴ്ചയായത്.

2017 ല്‍ വെസ്റ്റ് ഹാമിനെതിരായി നേചിയ ഗോളുമായി ആരാധകര്‍ ഉടന്‍ തന്നെ താരതമ്യം ചെയ്യാന്‍ തുടങ്ങി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുന്ന കാലത്ത് റൂണി നേടിയ മറ്റ് ലോംഗ് റേഞ്ച് സ്‌ട്രൈക്കിനും സമാനമായിരുന്നു ഈ ഗോള്‍. മത്സരത്തില്‍ റൂണിയുടെ 1-0 ഗോളിലാണ് ടീമിന്റെ ജയം.

അമേരിക്കന്‍ ലീഗില്‍ എത്തിയ റൂണി ഡിസി യുണൈറ്റഡിനായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. റിയല്‍ സാള്‍ട്ട്‌ലെയ്ക്കിനെതിരായ മത്സരത്തിലാണ് ഇംഗ്ലീഷ് താരം തന്റെ ആദ്യ ഹാട്രിക്ക് കണ്ടെത്തിയത്.