വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണം. ഇരുളത്ത് വനപാലക സംഘത്തെ കടുവ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചീയമ്പം സ്വദേശി ഷാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

രാവിലെ പത്തുമണിക്കാണ് സംഭവം. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായെടുത്ത വാച്ചര്‍മാര്‍ വനത്തില്‍ നിരീക്ഷണത്തിന് പോയതായിരുന്നു. അപ്പോഴായിരുന്നു കടുവയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിച്ചുവെന്ന് നാട്ടുകാര്‍ പരാതി കൊടുത്തതിനെത്തുടര്‍ന്ന് വനം വകുപ്പ് കൂട് വെച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്ത് നിന്നാണ് കടുവയുടെ ആക്രമണമുണ്ടായത്.

SHARE