മുണ്ടക്കൈ, പുത്തുമല ഭാഗത്തെ നിരവധി സ്ഥലങ്ങളില്‍ വീണ്ടും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും

കല്‍പ്പറ്റ: കനത്ത മഴയില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലും ഉണ്ടായത് വ്യാപകമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വിവിധ പ്രദേശങ്ങളിലായി നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്.
പന്ത്രണ്ട് പേരുടെ ജീവന്‍ അപഹരിച്ച ഉരുള്‍പൊട്ടലുണ്ടായ പുത്തുമല-പച്ചക്കാടിന്റെ സമീപപ്രദേശങ്ങളിലാണ് വ്യാപകമായി മണ്ണിടിച്ചിലുണ്ടായത്. മുണ്ടക്കൈയില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം ഉരുള്‍പൊട്ടി ലയത്തിന്റെ അടുക്കളഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഈ സമയം ഒരു കുടുംബം ലയത്തിലുണ്ടായിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
ഹാരിസണ്‍സ് മലയാളം കമ്പനിയുടെ മുണ്ടക്കൈ ഡിവിഷനിലെ ഫാക്ടറിക്ക് സമീപം അടുത്തടുത്തായി അഞ്ചിടങ്ങളിലും ഉരുള്‍പൊട്ടി. കൂടാതെ തേയില എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി. നാല്‍പതോളം തൊഴിലാളികള്‍ കുടുങ്ങിയ റാണിമല എസ്‌റ്റേറ്റിലും ഉരുള്‍പൊട്ടി ഏക്കര്‍ക്കണക്കിന് സ്ഥലത്തെ ഏലം നശിച്ചു. മുണ്ടക്കൈ പ്രദേശത്തിന് ചുറ്റുമുള്ള മലനിരകളിലും പല സ്ഥലങ്ങളിലായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. ഇത് പുഴയിലൂടെ കുത്തിയൊഴുകിയതോടെയാണ് സമീപ പ്രദേശമായ ചൂരല്‍മലയില്‍ പുഴയോരത്തെ നിരവധി വീടുകളില്‍ വെള്ളം കയറിയത്. മല നിരകളില്‍ നിന്നെത്തിയ മണ്ണും കല്ലും നിറഞ്ഞ് ആഴം കൂടതലുള്ള പുഴയുടെ പല ഭാഗങ്ങളും നികന്ന നിലയിലാണ്.
അട്ടമലയിലും തേയിലത്തോട്ടങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. മുണ്ടക്കൈ-പുത്തുമല അതിര്‍ത്തി പ്രദേശമായ എട്ടാം നമ്പറിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. ഇവിടെ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം കാരണമാണ് പൂളക്കാട് പാലം തകര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സമീപ പ്രദേശമായ കള്ളാടിയിലും വ്യാപകമായി മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെ മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നത് കാരണം പുത്തുമലയില്‍ ഉരുള്‍പൊട്ടിയ പ്രദേശത്തേക്ക് സുരക്ഷ പ്രവര്‍ത്തകര്‍ ഏറെ വൈകിയാണ് എത്തിയത്. മലകളാല്‍ ചുറ്റപ്പെട്ടതാണ് മുണ്ടക്കൈ, അട്ടമല, ചൂരല്‍മല, പുത്തുമല, കള്ളാടി പ്രദേശങ്ങള്‍.
താഴ് വാരങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പരിശോധന നടത്തി മലകളിലെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംബന്ധിച്ച് പഠനം നടത്തണമെന്ന ആവശ്യവും ശക്തമാണ്.