വയനാട്: മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. പത്തില്‍ താഴെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടത്താണ് രാവിലെ ഒമ്പത് മണിയോടെ ഉരുള്‍പൊട്ടിയത്. അപകടഭീഷണി ഉള്ളതിനാല്‍ ഇവിടുത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു .എങ്കിലും ചില കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. ദേശീയ പാത 766 ല്‍ മുത്തങ്ങയില്‍ വെള്ളം കയറി ഗതാഗതം തടസപെട്ടു.
തലപ്പുഴ മക്കിമലയില്‍ ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ കുന്നില്‍ ചെരുവിലും ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണമെന്ന് തലപ്പുഴ പൊലീസ് അറിയിച്ചു്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു. നരസി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് നടവയല്‍ പേരൂര്‍ അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയില്‍ നിന്നും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. യവനാര്‍കുളം കാവുങ്കല്‍ ഷമുലിന്റെ വീടിന്റെ പിന്‍ഭാഗം കുന്ന് ഇടിഞ്ഞു.
ചൂട്ടക്കടവ് പമ്പ ഹൗസിന് മുമ്പിലെ റോഡിലും വെള്ളം കയറി.പിലാക്കാവ് മണിയന്‍ കുന്നില്‍ വീടിന് പിറകില്‍ മണ്ണിടിഞ്ഞ് വീണു. വാളാട് പുത്തൂരില്‍ മെയിന്‍ റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു