ദേശീയപാത 766-ലെ യാത്രാനിരോധനം അഞ്ചിന് വയനാട്ടില്‍ ഹര്‍ത്താല്‍


കല്‍പ്പറ്റ: ദേശീയപാത 766-ലെ സുപ്രീംകോടതിയുടെ ഗതാഗത നിയന്ത്രണ നിര്‍ദേശവുമായി ബന്ധപ്പെട്ട് അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കേന്ദ്ര, കേരള സര്‍ക്കാരുകളുടെ നടപടികളില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ അഞ്ചിന് വയനാട്ടില്‍ ഹര്‍ത്താല്‍ നടത്താന്‍ യു ഡി എഫ് ജില്ലാകമ്മിറ്റി തീരുമാനം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.
ഇതിന്റെ ഭാഗമായി 28ന് സുല്‍ത്താന്‍ ബത്തേരി, 29ന് മാനന്തവാടി, ഒക്‌ടോബര്‍ ഒന്നിന് കല്‍പ്പറ്റ എന്നിവിടങ്ങളില്‍ യു ഡി എഫ് പ്രവര്‍ത്തകയോഗം ചേരും. അതേ സമയം ദേശീയ പാത 766 അടച്ചുപൂട്ടണമെന്നുള്ള നിഗമനങ്ങള്‍ക്ക് സുപ്രീംകോടതി എത്താന്‍ സഹായകമാവും വിധം കോടതി നിയോഗിച്ച വിദഗ്ധസമിതിക്ക് മുമ്പാകെ കുട്ട-ഗോണിക്കുപ്പ റോഡ് ബദല്‍റോഡായി അംഗീകരിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിച്ച് റോഡ് പൂര്‍ണമായും തുറന്ന് കിട്ടാന്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവജന സംഘടനകള്‍ നേതൃത്വം നല്‍കുന്ന അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
രാവിലെ 10 ന് കോട്ടക്കുന്ന് പരിസരത്ത് നിന്ന് നിരാഹാരം കിടക്കുന്ന നേതാക്കളെ ആനയിച്ചു കൊണ്ട് ബത്തേരി ടൗണില്‍ പ്രകടനം നടത്തിയാണ് സമരം ആരംഭിച്ചത്. സ്വതന്ത്ര മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ 15 ഓളം യുവജന സംഘടനകളാണ് നിരാഹാര സമരത്തില്‍ പങ്ക് ചേരുന്നത്. ആദ്യ ഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. രാജേഷ്‌കുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ലിജോ ജോണി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിനീഷ് വാകേരി, ബത്തേരി വാട്സ് ആപ്പ് വികസന കൂട്ടായ്മയുടെ കോ -ഓര്‍ഡിനേറ്റര്‍ സഫീര്‍ പഴേരി എന്നിവരാണ് അനിശ്ചിതകാല സമരം നടത്തുന്നത്.

SHARE