വയനാട് ചുരത്തില്‍ സോളാര്‍ വിളക്കുകള്‍ ഉടന്‍

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ 13 കിലോമീറ്ററിനുള്ളിലായി 19 പ്രധാന ഇടങ്ങളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. വിളക്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ യോഗത്തിലാണ് യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ തീരുമാനമുണ്ടായത്. ജില്ലാപഞ്ചായത്തിന്റെ വികസനഫണ്ടില്‍ നിന്ന് 13 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കെല്‍ട്രോണാണ് സാങ്കേതിക പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.
ദേശീയപാത വകുപ്പും വനംവകുപ്പും സംയുക്ത സ്ഥലസന്ദര്‍ശനം നടത്തിയ ശേഷം പുനര്‍ നടപടികള്‍ സ്വീകരിക്കും. ചുരം സംരക്ഷണത്തിന്റെ ഭാഗമായി ചിപ്പിലിത്തോട് ഭാഗത്ത് വനംവകുപ്പിന്റെയും പോലീസിന്റെയും നിയന്ത്രണത്തില്‍ ചെക്‌പോസ്റ്റ് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും ഉടന്‍ ആരംഭിക്കും. വനം വകുപ്പ് ജില്ലാ ഓഫീസര്‍ കെ.കെ സുനില്‍ കുമാര്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍. എച്ച് അബ്ദുള്‍ ഗഫൂര്‍, ദേശീയപാത വിഭാഗം അസ്സി. എഞ്ചിനീയര്‍ എം.പി ലക്ഷ്മണന്‍, താമരശ്ശേരി ഡി.വൈ.എസ്.പി പി.ബിജുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

SHARE