കല്പറ്റ: കോവിഡ് 19 പ്രതിരോധത്തില്‍ വയനാടിന്റെ ചെറുത്തുനില്‍പ്പിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലം എംപിയുമായ രാഹുല്‍ ഗാന്ധി. ഫേസ്ബുക്കിലാണ് രാഹുല്‍ ഗാന്ധി തന്റെ ആത്മസന്തോഷം പങ്കുവെച്ചത്.
‘വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കോവിഡ് 19നെ പിടിച്ചുകെട്ടുന്നതില്‍ വയനാട്ടില്‍ മികച്ച പ്രവര്‍ത്തനമാണ് നടന്നതെന്ന് ആരോഗ്യമന്ത്രാലയം തന്നെ പറഞ്ഞിരിക്കുന്നു. കഴിഞ്ഞ 16 ദിവസമായി ജില്ലയില്‍ നിന്ന് പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലാ കളക്ടര്‍, എസ് പി, ഡി എം ഒ, ജില്ല ഭരണകൂടം എന്നിവരെ അവരുടെ ആത്മസമര്‍പ്പണത്തിനും കഠിനാദ്ധ്വാനത്തിനും സല്യൂട്ട് ചെയ്യുന്നു.’ – രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ 25 ജില്ലകളില്‍ വയനാടും ഇടം പിടിച്ചിരുന്നു. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ മാത്രമാണ് വയനാട്ടില്‍ ചികിത്സയില്‍ ഉള്ളത്.
മാര്‍ച്ച് 30നാണ് അവസാനമായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഏപ്രില്‍ എട്ടിന് കോവിഡ് ബാധിച്ച രണ്ടുപേര്‍ ആശുപത്രി വിട്ടിരുന്നു.സ്വന്തമായി മെഡിക്കല്‍ കോളേജ് ഇല്ലാത്തപ്പോഴും പിന്നോക്കജില്ലയെന്ന് അറിയപ്പെടുന്നതിനിടയിലാണ് വയനാടിന്റെ ഈ നേട്ടം. രണ്ട് സംസ്ഥാനങ്ങളുമായും ഏഴു ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് വയനാട്.