വയനാടില്‍ യുവാവിനെ ഭക്ഷിച്ച കടുവ ക്യാമറയില്‍ കുടുങ്ങി; കൂടൊരുക്കി വനം ദ്രുതകര്‍മസേന

പുല്‍പ്പള്ളി: ചെതലയം വനത്തില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവയെ കുടുക്കാന്‍ കൂട് സ്ഥാപിച്ചു. കൂട് സ്ഥാപിച്ച് പിടിക്കാനുള്ള ശ്രമം വൈകുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇത് പൂര്‍ത്തിയാക്കിയത്. കതവക്കുന്ന് വനത്തില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് വനം ദ്രുത കര്‍മ സേനയുടെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചത്.

ഇന്നലെ പുലര്‍ച്ചെ കടുവ പ്രദേശത്ത് കൂടി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞിരുന്നു. ശിവകുമാറിനെ കൊന്നുതിന്ന അതേ കടുവ തന്നെയാണ് ഇതെന്ന അനുമാനത്തിലാണ് കെണി സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. യുവാവ് കൊല്ലപ്പെട്ട സ്ഥലത്തിന് അടുത്താണ് കെണി സ്ഥാപിച്ചത്. പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചതിനൊപ്പം വനം വകുപ്പ് നീരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എട്ടുപേരടങ്ങിയ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ്് പട്രോളിങ്ങ്.

ചെതലയം റേഞ്ചിലെ കതുവാക്കുന്നില്‍ കാട്ടില്‍ വിറകുശേഖരിക്കാന്‍ പോയ 23 കാരനായ ശിവകുമാറിനെയാണ് കടുവ കൊലപ്പെടുത്തിയത്.
ആദിവാസി യുവാവിന്റെ മരണമുണ്ടായ അന്ന് തന്നെ ബത്തേരിയില്‍ നിന്ന് കൂട് എത്തിച്ചെങ്കിലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ആവശ്യമായി വന്നതോടെയാണ് സ്ഥാപിക്കാന്‍ താമസമുണ്ടായത്. കെണിയൊരുക്കി കൂടുസ്ഥാപിക്കാനുള്ള അനുവാദം വനം വകുപ്പിന് ലഭിച്ചിരുന്നില്ല. ഇന്നലെ വൈകീട്ടാണ് ഉത്തരവിറങ്ങിയത്.

SHARE