‘കൂട്ടുകാരോടൊപ്പം നടന്നാലും എന്നെ മാത്രം വന്ന് കടിക്കും’; 35 തവണ പാമ്പുകടിയേറ്റ വയനാട്ടിലെ പാമ്പേട്ടന്‍

പാമ്പിനെ കുറിച്ച് എപ്പോള്‍ സംസാരിക്കുമ്പോഴും പറയുന്ന ഒന്നായിരിക്കും പാമ്പിന്റെ പക. എന്നാല്‍ ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യം പാമ്പിന് പകയില്ലെന്ന് തന്നെയാണ്. എന്നാല്‍ വയനാട് പുല്‍പ്പള്ളിയിലെ പത്മനാഭന്‍ എന്ന പാമ്പേട്ടനെ കുറിച്ച് കേള്‍ക്കുന്നവര്‍ അറിയാതെ എങ്കിലും ചിന്തിച്ച് പോകും പാമ്പിന്റെ പക സത്യമാണോയെന്ന്. 35 തവണയാണ് അദ്ദേഹത്തിന് ഇതുവരെ പാമ്പുകടിയേറ്റത്. മുപ്പതാമത്തെ വയസ്സിലാണ് അദ്ദേഹത്തിന് ആദ്യമായി പാമ്പുകടിയേല്‍ക്കുന്നത്. പിന്നീട് മൂര്‍ഖന്‍ ഉള്‍പ്പടെയുള്ള പാമ്പുകളുടെ കടിയേല്‍ക്കേണ്ടി വന്നത് 34 തവണയാണ്.

കൂട്ടുകാരോടൊപ്പം ഒന്നിച്ച് നടന്ന് പോകുമ്പോള്‍ എന്നെ മാത്രം വന്ന് പാമ്പ് കടിക്കുമെന്നും ഏറ്റവും കൂടുതല്‍ തവണ കടിച്ചത് മൂര്‍ഖന്‍ പാമ്പാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായാണ് പാമ്പുകടിയേല്‍ക്കുന്നതെന്ന് പറഞ്ഞതുകൊണ്ട് നിരവധി സ്ഥലങ്ങളില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ പിന്നീടും നിരവധി തവണ പാമ്പുകടിയേറ്റിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ പല വിദഗ്ധരുമായി സംസാരിച്ചപ്പോഴും പാമ്പിന് പകയില്ലെന്നാണ് അവര്‍ വ്യക്തമാക്കിയതെന്ന് പത്മനാഭന്‍ പറയുന്നു.

SHARE