തകര്‍പ്പന്‍ സെഞ്ച്വറിയുമായി വാട്‌സണ്‍, സിക്‌സറില്‍ റെക്കോര്‍ഡ്

സിഡ്‌നി പ്രീമിയര്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സണ്‍. ലീഗില്‍ സതര്‍ലാന്റിനു വേണ്ടി ബാറ്റു എടുത്ത താരം 53 പന്തില്‍ 114 റണ്‍സുമായി ടീമിന് ഒമ്പതു വിക്കറ്റിന്റെ ജയവും, ടീമിന് സിഡ്‌നി പ്രീമിയര്‍ ലീഗ് ഫൈനല്‍ ടിക്കറ്റും നേടിക്കൊടുത്താണ് മുപ്പതിയാറുകാരന്‍ കളംവിട്ടത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോറു നേടിയ താരം മൂന്നാം പന്തില്‍ മത്സരത്തിലെ കന്നി സിക്‌സടിച്ചു. തുടര്‍ന്നങ്ങോട്ട് ചറപറ സിക്‌സടിച്ച വാട്‌സണ്‍ മൊത്തം 16 സിക്‌സറുകളാണ് പറത്തിയത്. ഇതോടെ ടി-20 ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന റെക്കോര്‍ഡ് വാട്‌സണിന് സ്വന്തമായി.

അതേസമയം ബംഗ്ലാദേശിനെതിരെ 2011ല്‍ ആസ്ട്രേലിയക്ക് വേണ്ടി അടിച്ചുകൂട്ടിയ 15 സിക്സറുകളുടെ തന്റെ സ്വന്തം റെക്കോര്‍ഡും വാട്‌സ്ണ്‍ തിരുത്തി. കൂടാതെ സതര്‍ലാന്‍ഡിന് വേണ്ടി വ്യക്തിഗത ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന ഖ്യാതി നിലവിലെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി വാട്‌സണ്‍ സ്വന്തം പേരിലാക്കി.

ബിഗ്ബാഷ് തുടങ്ങാന്‍ ഒരാഴ്ച ബാക്കിമാത്രം ശേഷിക്കെ സിഡ്നി തന്‍ഡര്‍ ടീമിന്റെ നായകന്‍ കൂടിയായ വാട്സന്‍ ഫോമിലേക്ക് ഉയര്‍ന്നത് ടീമിന് ആശ്വാസം പകരുന്നതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വാട്സന്റെ പ്രതിഭയ്ക്ക് പോറലേറ്റിട്ടില്ല എന്നതിന് തെളിവാണ് ഈ പ്രകടനം

SHARE