ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഗോള്‍ വല നിറച്ച് മാഞ്ചസ്റ്റര്‍ സിറ്റി

അഗ്യൂറോയ്ക്ക് ഹാട്രിക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വേട്ട തുടരുന്നു. കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനെ അഞ്ചു ഗോളിന് തകര്‍ത്തുവിട്ട സിറ്റി ഇത്തവണ വാറ്റ്‌ഫോര്‍ഡ് പോസ്റ്റില്‍ നിക്ഷേപിച്ചത് എതിരില്ലാത്ത ആറ് ഗോളുകള്‍.
ഏകപക്ഷീയമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ മൂന്നു ഗോളിന് മുന്നിലായിരുന്ന സിറ്റി രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ കൂടി നേടി ഗോള്‍ നേട്ടം ആറാക്കി. സിറ്റിക്കു വേണ്ടി സെര്‍ജിയോ അഗ്യൂറോ ഹാട്രിക്ക് നേടി.

ഗബ്രിയേല്‍ ജീസസ്, ഒറ്റമെന്‍ഡി, റഹീം സ്റ്റര്‍ലിങ് എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. വിജയത്തോടെ സിറ്റി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. 27, 31, 81 മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകള്‍ പിറന്നത്. 37-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും 63-ാം മിനിറ്റില്‍ ഒറ്റമെന്‍ഡിയും ഗോളുകള്‍ നേടിയപ്പോള്‍ കളി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെ ലഭിച്ച പെനാല്‍റ്റി റഹീം സ്റ്റര്‍ലിങ് ഗോളാക്കി മാറ്റുകയായിരുന്നു.
മറ്റു മത്സരങ്ങളില്‍ വെസ്റ്റ്‌ബ്രോ-വെസ്റ്റ്ഹാമുമായി ഗോള്‍ രഹിത സമനില പാലിച്ചപ്പോള്‍, ലിവര്‍പൂള്‍1-1ന് ബേണ്‍ലിയുമായും, ഹഡേഴ്‌സ്ഫീല്‍ഡ് 1-1ന് ലെസ്റ്റര്‍ സിറ്റിയുമായും സമനില പാലിച്ചു.
ന്യൂകാസില്‍ യുണൈറ്റഡ് 2-1ന് സ്റ്റോക് സിറ്റിയേയും, സതാംപ്ടണ്‍ 1-0ന് ക്രിസ്റ്റല്‍ പാലസിനേയും ബേണ്‍മൗത്ത് 2-1ന് ബ്രൈറ്റന്‍ ആന്റ് ഹോവിനേയും പരാജയപ്പെടുത്തി.