സ്‌ട്രെക്ചറില്ല: രോഗിയെ കിടക്കവിരിയില്‍ വലിച്ചിഴക്കുന്ന വീഡിയോ വൈറല്‍

മുംബൈ: സ്‌ട്രെക്ചറില്ലാത്തതിനാല്‍ രോഗിയെ കിടക്കവിരിയില്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആസ്പത്രിയിലാണ് സംഭവം. കാലിന് പരിക്കേറ്റ് ചികിത്സക്കെത്തിയ സ്ത്രീയെ ആണ് വലിച്ചിഴച്ച് കൊണ്ടുപോയത്. ഇവരുടെ കാലില്‍ പ്ലാസ്റ്ററിട്ട ശേഷം വാഹനത്തിന് സമീപത്തെത്താന്‍ സ്‌ട്രെക്ചര്‍ കിട്ടാത്തതിനാലാണ് കിടക്കവിരിയില്‍ ഇരുത്തി ആസ്പത്രിക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്.

സംഭവം വിവാദമായതോട് ആസ്പത്രി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. മറ്റൊരു രോഗിയുമായി പോയ സ്‌ട്രെക്ചര്‍ തിരിച്ചെത്തുന്നത് വരെ കാത്തിരിക്കാന്‍ രോഗിയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് മുഖവിലക്കെടുക്കാതെ രോഗിയുമായി ഇവര്‍ പോവുകയായിരുന്നു എന്നുമാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. സംഭവം അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി.

SHARE