51 വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു

മലപ്പുറം: കൊളത്തൂരില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കടന്നല്‍ കുത്തേറ്റു. രാവിലെ സ്‌കൂളില്‍ എത്തിയ 51 കുട്ടികള്‍ക്കാണ് കടന്നലിന്റെ കുത്തേറ്റത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. പാങ്ങ് വെസ്റ്റ് എഎല്‍പിസ്‌കൂളിലാണ് സംഭവം.

കുട്ടികള്‍ സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി ക്ലാസുകളിലേക്ക് നടന്നു പോകുമ്പോള്‍ സമീപത്തെ പറമ്പില്‍ നിന്ന് പറന്നെത്തിയ കടന്നല്‍ക്കൂട്ടം കുട്ടികളെ ആക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ 13 പേരെ മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ തലയിലും ദേഹത്തുമായി പല ഭാഗത്തും കുത്തേറ്റിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് കടന്നലുകളുടെ ആക്രമണത്തിനിരയായത്. ചില കുട്ടികള്‍ക്ക് ഛര്‍ദിയും ശരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു.

പറമ്പില്‍ ജോലി നടക്കുന്നതിനിടെ കൂട് ഇളകിയതാണ് കടന്നല്‍ കൂട്ടമായി എത്താന്‍ കാരണമെന്ന് കരുതുന്നു. കുത്തേറ്റ കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ അധ്യാപകര്‍ ഉടനെ ചേണ്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

SHARE